ഹബീബിന്റെ ഇടപെടലില്‍ സാഹിര്‍ കാസിം ജയില്‍ മോചിതനായി

Posted on: October 3, 2017 11:30 am | Last updated: October 3, 2017 at 11:33 am

അമ്പലപ്പുഴ: ഹബീബിന്റെ ഇടപെടലില്‍ സാഹിര്‍ കാസിം (55) ജയില്‍ മോചിതനായി. ഭാര്യയുടെ മരണം പോലുമറിയാതെ ഈ അറുപതുകാരന്‍ മസ്‌കത്തിലെ ജയിലില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒമാന്‍ പ്രവാസി വ്യവസായി പുന്നപ്ര സ്വദേശി ഹബീബ് തയ്യിലിലിനെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തഗം കെ എം ജുനൈദ് കാസിം ജയിലില്‍ അകപ്പെട്ട വിവരം ധരിപ്പിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ഹബീബിന്റെ അന്വേഷണത്തില്‍ ഖത്തര്‍ ജയിലില്‍ ആയിരുന്ന സാഹിര്‍ കാസിമിനെ ഒമാന്‍ പോലീസിന് കൈമാറിയെന്ന വിവരം ലഭിച്ചു. ഒമാനിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ഹബീബ് തയ്യില്‍ കാസിമിനെ ജയിലില്‍ കണ്ടെത്തുകയും വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തന്റെ നഷ്ടപ്പെട്ട മകന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ വൃദ്ധ മാതാവ് നഫീസാക്ക് ഇത് വളരെ ആശ്വാസമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ജോലി ചെയ്യുമ്പോഴുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ കാസിമിന്റെ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്ത്.
ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ തയ്യാറാകണമെന്ന് സ്‌പോണ്‍സററോട് ആവശ്യപ്പെട്ടങ്കിലും 80 ലക്ഷം രൂപ കൊടുക്കണമെന്ന നിലപാടില്‍ സ്‌പോണ്‍സര്‍ ഉറച്ച് നിന്നെങ്കിലും ഹബീബുമായി സംസാരിച്ചതില്‍ നിന്നും സ്‌പോണ്‍സര്‍ കാസിമിന്റെ കദന കഥ മനസ്സിലാക്കി മാപ്പു കൊടുക്കാനും പരാതി പിന്‍വലിക്കാനും തയ്യാറാകുകയായിരുന്നു. ഇതേ തുടര്‍ന്ന് കാസിം 10 മാസത്തിന് ശേഷം ജയില്‍ മോചിതനാകുകയായിരുന്നു.