Connect with us

International

നിലവിളിയോടെ നെവാഡ: അഞ്ച് മിനുട്ടിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം...

Published

|

Last Updated

ലാസ് വെഗാസ്: ഭീകരതയും ആശങ്കയും നിറഞ്ഞ അഞ്ചുമിനുട്ട്. ജീവിതത്തിനും മരണത്തിനുമിടക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ള 300 സെക്കന്റുകള്‍. സംഗീതത്തിന്റെ മാസ്മരിക ലോകത്ത് മുഴുകിക്കൊണ്ടിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് വെടിവെപ്പ് നടക്കുന്നത്. ജെയ്‌സണ്‍ അല്‍ഡീന്റെ പ്രകടനത്തില്‍ മുഴുകിക്കൊണ്ടിരിക്കെ കെട്ടിടത്തിലെ 32ാമത്തെ നിലയില്‍ നിന്നാണ് സ്റ്റീഫന്‍ പെഡോക്ക് എന്ന ഭീകരന്‍ നിറയൊഴിച്ചത്. ആള്‍ക്കൂട്ടത്തിലേക്ക് അലക്ഷ്യമായി നിറയൊഴിച്ച അക്രമിയുടെ ലക്ഷ്യം തീവ്രവാദി ആക്രമണമായിരുന്നുവെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇസില്‍ ഭീകരര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനിരിക്കുകയാണ് അധികൃതര്‍. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത സ്റ്റീഫന്‍ പെഡോക്കെന്ന 64കാരന് ഇസിലുമായുള്ള ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സംഗീത പരിപാടിക്കിടെയുണ്ടാകാറുള്ള വെടിമരുന്ന് പ്രയോഗമോ മറ്റോ ആണെന്നാണ് ആദ്യം ജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ വെടിവെപ്പ് ആരംഭിച്ചതോടെ ജനങ്ങള്‍ ചിതറി ഓടിയത് പരിഭ്രാന്തി പരത്തുകയായിരുന്നു. ഏത് ഭാഗത്ത് നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചില്ല. പരക്കെയുള്ള വെടിവെപ്പില്‍ 50 ശരീരങ്ങളാണ് ആള്‍ക്കൂട്ടത്തിനിടയില്‍ അന്ത്യശ്വാസം വലിച്ചത്. തിക്കിലും തിരക്കിലുമായി നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 400 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
നാല് ലക്ഷം ഡോളറിന്റെ വിലയുള്ള ഫഌറ്റില്‍ മാരിലോ ഡാന്‍ലി എന്ന 62കാരിക്കൊപ്പമാണ് ഹെഡോക്ക് കഴിഞ്ഞത്. ആക്രമണസമയം മാരിലോ മുറിയിലുണ്ടായതായി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ നിന്ന് ദൃക്‌സാക്ഷികള്‍ മുക്തരായിട്ടില്ല. 40,000 സംഗീത ആസ്വാദകരാണ് ആക്രമണം നടന്ന ഹോട്ടലില്‍ ഒരുമിച്ചുകൂടിയത്. ഇതേ ഹോട്ടലില്‍ താമസമാക്കിയ അക്രമി നിരവധി ആയുധങ്ങള്‍ കൈവശം വെച്ചിരുന്നു. ആക്രമണം ഇയാള്‍ നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇതിന് ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.
അര്‍ധരാത്രിയിലെ ജനബാഹുല്യം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. പ്രതിയെ കണ്ടെത്താനും ഏറ്റുമുട്ടല്‍ നടത്താനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. അത്രമാത്രം ആസൂത്രിതമായിരുന്നു ആക്രമണം. ചരിത്രത്തില്‍ രാജ്യം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ വെടിവെപ്പ് ആക്രമണമാണ് ഇന്നലെ അരങ്ങേറിയത്.
സ്വയം പ്രതിരോധമെന്ന പേരില്‍ തോക്കുകള്‍ കൈവശം വെക്കുന്നതിനെതിരെ കാര്യമായ നടപടികളൊന്നും നോവിഡ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല. ഈ വിവാദ നടപടിയാണ് ഇപ്പോള്‍ അമേരിക്കക്ക് വിനയായിക്കൊണ്ടിരിക്കുന്നത്. തോക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നതോടെ സ്‌കൂളിലടക്കം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
വേട്ടയാടലിലും മത്സ്യബന്ധനത്തിലും താത്പര്യമുള്ള ഹെഡോക്കിന് വിമാനം പറത്താനുള്ള ലൈസന്‍സുമുണ്ട്. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അക്രമി രക്ഷപ്പെടാനുള്ള പാഴായ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാളെ വെടിവെച്ച് വീഴ്ത്തിയത്. ഇയാളുടെ മുറിയില്‍ നിന്ന് പത്ത് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അക്രമി താമസിച്ച 32ാം നിലയിലെ മുറിയുടെ ജനവാതിലുകള്‍ തകര്‍ത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്.

 

 

 

Latest