സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള 2017ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ജൈവ ഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാ തല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക.
സസ്യങ്ങളുടെയും ജീവികളുടെയും ദൈനംദിന പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തലുകള്‍ക്ക് ഇവരുടെ ഗവേഷണം സഹായിച്ചതായി നൊബേല്‍ സമിതി വിലയിരുത്തി. ഒരു തരം ഈച്ചകളില്‍ നടത്തിയ പഠനത്തില്‍ ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഒരു പ്രത്യേക ജീന്‍ ആണെന്ന് ശാസ്ത്ര സംഘം കണ്ടെത്തിയിരുന്നു.