Connect with us

International

സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം നേടിയെന്ന് കാറ്റലോണിയ

Published

|

Last Updated

ബാഴ്‌സലോണ: സ്‌പെയ്‌നില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ ഹിത പരിശോധനയില്‍ 90 ശതമാനം കാറ്റലോണിയ നിവാസികളും അനുകൂലമായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയയുടെ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പ്യുഗ്ഡ്മണ്ട് വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു. ഹിതപരിശോധനാ ഫലം അടുത്ത ദിവസം കറ്റാലന്‍ പാര്‍ലിമെന്റില്‍ വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പില്‍ പങ്കെടുത്ത 90 ശതമാനും ആളുകളും സ്‌പെയിനില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി കറ്റാലന്‍ സര്‍ക്കാര്‍ വക്താവ് ഡോര്‍ഡി ടുറല്‍ റിയിച്ചു. രാത്രി വൈകി ബാഴ്‌സലോണ നഗരത്തില്‍ കാറ്റലോണിയന്‍ അനുകൂലികള്‍ വന്‍ വിജയറാലി നടത്തി.

ഞായറാഴ്ച നടന്ന ഹിത പരിശോധന തടസ്സപ്പെടുത്താന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയവരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തടസ്സപ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം അരങ്ങേറി. പോലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 337 പേര്‍ക്ക് പരുക്കേറ്റത്. 11 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കറ്റാലന്‍ നേതാക്കള്‍ പ്രഖ്യാപിച്ച ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഹിതപരിശോധന തടസ്സപ്പെടുത്തണമെന്ന് സ്പാനിഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് പോലീസ് അടിച്ചമര്‍ത്തല്‍ നടപടിയിലേക്ക് നീങ്ങിയത്.

വോട്ട് ചെയ്യാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ബാലറ്റ് പേപ്പറുകളും പെട്ടികളും പോലീസ് പിടിച്ചുവെച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ പോലീസ് സായുധമായി നേരിട്ടു. ഹിതപരിശോധനാ അനുകൂലികള്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാറ്റലന്‍ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ പോലീസ് തങ്ങളുടെ ജോലിയാണ് ചെയ്തതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയിന്‍സ് ഡി സന്റാമാറിയ വ്യക്തമാക്കി. സ്‌പെയിന്റെ വാണ്യജ്യ തലസ്ഥാവും തുറമുഖ നഗരവുമായ ബാഴ്‌സലോണ കേന്ദ്രീകരിച്ച് പുതിയ രാജ്യം വേണമെന്നതാണ് കാറ്റലോണിയക്കാര്‍ ആവശ്യപ്പെടുന്നത്.