ബി ജെ പി ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ശിവസേന

Posted on: October 2, 2017 9:11 am | Last updated: October 2, 2017 at 12:04 pm

മുംബൈ: ബി ജെ പി തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ദേശസ്‌നേഹം മറ്റാരില്‍ നിന്നെങ്കിലും പഠിക്കേണ്ട സ്ഥിതി ഇപ്പോഴും പാര്‍ട്ടിക്ക് വന്നിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേനാ ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ബി ജെ പിയോടുള്ള വിയോജിപ്പ് തുറന്ന് പ്രകടിപ്പിച്ച് ഉദ്ധവ് താക്കറെ വീണ്ടു രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ ശക്തമായി വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു.

നോട്ട് അസാധുവാക്കലിനെ പിന്തുണക്കുന്നവര്‍ രാജ്യ സ്‌നേഹികളും അല്ലാത്തവര്‍ രാജ്യദ്രോഹികളുമാക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ബി ജെ പിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ ഇത്തരത്തിലുള്ള അധിക്ഷേപ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.