Connect with us

Eranakulam

കൊച്ചി മെട്രോ രണ്ടാം ഘട്ട സര്‍വീസ് നാളെ മുതല്‍

Published

|

Last Updated

കൊച്ചി: ലോകകപ്പിന് മുന്നോടിയായി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട സര്‍വീസിന് നാളെ മുതല്‍ തുടക്കമാകും. ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വീസ് നടത്തിയിരുന്ന മെട്രോ മഹാരാജാസ് വരെ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.
നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സ്റ്റേഡിയം സ്റ്റേഷനില്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തതിനു ശേഷം ഇരുവരും മെട്രോയില്‍ യാത്ര ചെയ്യും. തുടര്‍ന്ന് 11 ഓടെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം ഭാഗം ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട സര്‍വീസിന്റെ ആദ്യ ദിവസം യാത്രക്കെത്തുന്നവര്‍ക്ക് അവരവരുടെ കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി സജീവിന്റെ നേതൃത്വത്തില്‍ 10 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രം വരക്കുക. സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെയാണ് തത്സമയ കാരിക്കേച്ചര്‍ രചന.
ഇന്ന് രാവിലെ 6.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് മെട്രോ “ഗ്രീന്‍ റണ്ണും” ഉണ്ടാകും. പരിസ്ഥിതി സംരക്ഷണം എന്ന ആശയമാണ് ഗ്രീന്‍ റണ്‍ മുന്നോട്ടുവെക്കുന്നത്. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലാരിവട്ടം മുതലാണെങ്കില്‍ 30 രൂപയും ആലുവയില്‍ നിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയും നല്‍കേണ്ടിവരും.