ബാലപീഡനത്തിനെതിരെ ബോധവത്കരണം; ബൈക്കില്‍ രാജ്യം ചുറ്റാനൊരുങ്ങി വിദ്യാര്‍ഥി

Posted on: October 1, 2017 12:05 am | Last updated: October 1, 2017 at 12:05 am
SHARE

മലപ്പുറം: ബാലപീഡനം തടയുക എന്ന സന്ദേശവുമായി ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി മന്‍സൂറിന്റെ രാജ്യം ചുറ്റിയുള്ള ബൈക്ക് യാത്ര നാളെ കന്യാകുമാരിയില്‍ നിന്നും ആരംഭിക്കും. 33 ദിവസം കൊണ്ട് ബൈക്കില്‍ 5,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഒരു ലക്ഷം വിദ്യാര്‍ഥികളെ ബാലപീഡനത്തിനെതിരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

11 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലൂടെ യാത്ര കടന്ന് പോകും. ഇതു സംബന്ധമായ ലഘുലേഖകളും മറ്റും വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്യും. വിവിധ ഇടങ്ങളിലെ എന്‍ എസ് എസ് സേനകള്‍, ചൈല്‍ഡ് ലൈന്‍, യൂത്ത് ഹോസ്റ്റല്‍ എന്നിവയുമായി സഹകരിച്ചാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ദിവസവും 200 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പദ്ധതി. യാത്രയില്‍ പി ആര്‍ ഒ ആയി റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഹെഡായ ബിജു ഈ യാത്രയെ അനുഗമിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പുത്തനങ്ങാടി കളത്തില്‍ അബ്ദുവിന്റെയും സാജിദയുടെയും മകനാണ് ഇരുപതുകാരനായ മന്‍സൂര്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമര്‍ജിംഗ് ബ്രില്ല്യന്‍സ് എന്ന കമ്പനിയുടെ ട്രെയിനറാണ് മന്‍സൂര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ട്രെയിനിംഗിനായി മന്‍സൂര്‍ പഞ്ചാബ് യാത്ര ചെയ്തിരുന്നു. ഇവിടെ വെച്ച് പത്ത് വയസുകാരിയായ പെണ്‍കുട്ടി ആറ് വര്‍ഷമായി താന്‍ പീഡനത്തിനിരയാകുന്നുവെന്ന വിവരം മന്‍സൂറിനോട് പങ്കുവെച്ചിരുന്നു.

ഇത്തരത്തില്‍ രാജ്യത്ത് നിരവധി കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും ഇവരെ ഈ ദുരന്തത്തില്‍ നിന്ന രക്ഷപ്പെടുത്തണമെന്ന തിരിച്ചറിവുമാണ് ഈ യാത്രക്ക് പ്രേരിപ്പിച്ചത്. ഇത്തരം ബോധവത്കരണത്തിലൂടെ വലിയൊരു മാറ്റമുണ്ടാകുമെന്നാണ് മന്‍സൂര്‍ പ്രതീക്ഷിക്കുന്നത്.
ജാമിഅ മില്ലയ്യയിലെ ബി എ പ്രോഗ്രാം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മന്‍സൂര്‍. കാശ്മീര്‍ യൂനിവേഴ്‌സിറ്റിയില്‍ നവംബര്‍ 3നാണ് യാത്ര സമാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here