റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തി; അന്വേഷണം കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേക്ക്

Posted on: September 29, 2017 4:29 pm | Last updated: September 30, 2017 at 11:42 am

തൃശൂര്‍: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലക്ക് കാരണമായതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. രാവിലെ രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകനാണ് പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരിയാറം തവളപ്പാറയില്‍ എസ് ഡി കോണ്‍വെന്റിന്റെ കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സ്ഥലത്ത് നിന്ന് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഈ ഭാഗത്ത് വെച്ച് രാജീവനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം എസ് ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.