Connect with us

Gulf

അഭയാര്‍ഥികളെ തിരിച്ചയച്ച പാരമ്പര്യം ഇന്ത്യക്കില്ലെന്ന് ഷാനവാസ് എം പി

Published

|

Last Updated

ദോഹ: അഭയാര്‍ഥികളെ മടക്കി അയച്ച പാരമ്പര്യം ഇന്ത്യക്കില്ലെന്നും റോഹിംഗ്യകളോട് ലോകം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യ പുറംതിരിഞ്ഞ് നില്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ എം ഐ ഷാനവാസ്. റോഹിംഗ്യകളോട് മനുഷ്വത്വ പരമായ സമീപനം സ്വീകരിച്ച ബി ജെ പി നേതാവ് വരുണ്‍ ഗാന്ധിയെ പോലും കൂട്ടമായി ആക്രമിക്കുകയാണ് പാര്‍ട്ടിയിലെ മറ്റുനേതാക്കള്‍. മനുഷ്യത്വം തൊട്ട് തീണ്ടാത്ത പാര്‍ട്ടിയായി നരേന്ദ്ര മോദിയുടെ ബി ജെ പി മാറി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നോട്ട് നിരോധനവും ജി എസ് ടിയും ഇന്ന് ഇന്ത്യയിലെ മഹാദുരിതങ്ങളായിരിക്കുകയാണ്. നോട്ട് നിരോധനം നടപ്പാക്കിയ ഉടനെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് അബദ്ധമാണെന്ന് രാജ്യസഭയില്‍ തുറന്നടിച്ചതാണ്. വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനം താഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി പുലര്‍ന്നിരിക്കുകയാണ്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ പ്രശ്‌നങ്ങളെ തുറന്ന് കാട്ടിയ മന്‍മോഹന്‍ സിംഗിനെ പരിഹസിക്കുകയും അപമാനിക്കുകയുമാണ് അന്ന് മോദി ചെയ്തത്. പ്രസംഗത്തിനുമപ്പുറം പ്രവര്‍ത്തന യാഥാര്‍ഥ്യങ്ങള്‍ വച്ച് വിലയിരുത്തുമ്പോള്‍ അദ്ദേഹം പൂര്‍ണമായും പരാജയമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന് അവകാശപ്പെട്ട് ഭരണത്തിലേറിയവര്‍ക്ക് വാഗ്ദാനം നടപ്പാക്കാന്‍ സാധിക്കുന്നില്ല. തൊഴിലില്ലായ്മ കൊണ്ട് രാജ്യത്തെ യുവജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഭരണത്തിലേറുമ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളില്‍ ഒന്നു പോലും നേരാവണ്ണം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബി ജെ പി ഭരണം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ഇന്ത്യ ഇന്ന് വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം പടിപടിയായി വളര്‍ന്ന് വന്ന ഇന്ത്യയെ ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും രാജ്യമാക്കി മാറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് ബി ജെ പി ഇന്ത്യയുടെ മതേതര, ഗാന്ധിയന്‍ പാരമ്പര്യത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ചിന്താധാരകള്‍ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ന്യൂനപക്ഷങ്ങളും ദളിതരും നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഏറ്റുമുട്ടല്‍ കൊലകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും അനുദിനം വര്‍ധിച്ചുവരുന്നു. എതിര്‍ക്കുന്നവരെയെല്ലാം വെടിവച്ച് കൊല്ലുക എന്ന സംഘപരിവാര അജണ്ട ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്.

ബി ജെ പിക്കെതിരായ മുന്നേറ്റത്തിന് പലപ്പോഴും പാരവെക്കുന്ന പണിയാണ് കേരളത്തിലെ സി പി എം നേതൃത്വം ചെയ്യുന്നത്. ബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയില്‍ രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി വീണ്ടും തിരഞ്ഞടുക്കപ്പെടുന്നതിനെ കേരള ഘടകം സി പി എം എതിര്‍ത്തത് ബി ജെ പിയെ പ്രീണിപ്പിക്കുന്നതിനാണ്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോള്‍ കേരളത്തിലെ ബി ജെ പിക്കാരേക്കാള്‍ ഉത്സാഹവും സന്തോഷവും പിണറായി വിജയനായിരുന്നു. ഹാദിയ കേസില്‍ എന്‍ ഐ എ അന്വേഷണത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചതുള്‍പ്പെടെ ബി ജെ പിയുടെ അജന്‍ഡകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാറാണ് കേരളത്തിലെതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായിലും പങ്കെടുത്തു.