ക്ഷേമ പദ്ധതികള്‍; പ്രവാസികളില്‍ ബോധവത്കരണം നടത്തണം

Posted on: September 28, 2017 7:21 pm | Last updated: September 28, 2017 at 7:21 pm

അബുദാബി: പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളില്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ (ഐ എസ് സി) പ്രവാസികളുമായി സംവദിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോര്‍ക്കയുടെ കീഴിലുള്ള ക്ഷേമപദ്ധതികളെകുറിച്ച് പലര്‍ക്കും അറിയില്ല. പ്രവാസം കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് നോര്‍ക്കക്ക് കീഴില്‍ പദ്ധതി നിലവിലുണ്ട്. തൊഴില്‍സംരംഭകര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നതാണ് പദ്ധതി. അതില്‍ 15 ശതമാനം സബ്‌സിഡിയുണ്ട്. 15734 അപേക്ഷകളാണ് ഇതില്‍ ബേങ്കുകള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഇതില്‍ 1800ഓളം പേര്‍ ഇതിനകം സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

വിദേശത്ത് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കാരുണ്യ എന്ന പേരില്‍ പദ്ധതിയുണ്ട്. ലക്ഷം രൂപ ഇതില്‍ സഹായം നല്‍കുന്നുണ്ട്. രോഗബാധിതരായി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനും മക്കളുടെ വിവാഹത്തിനും സഹായം നല്‍കുന്നുണ്ട്. ബാക്‌വാഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോര്‍പറേഷനും ലളിതമായ വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. എല്ലാ ജില്ലകളിലും ഇതിന്റെ ഓഫിസുണ്ട്. പെന്‍ഷനടക്കുമുള്ള ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് ഉണ്ട്. പ്രവാസികളുടെ ക്ഷേമത്തിന് ആഗോള പ്രവാസിസഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്ലോബല്‍ കേരള സാസ്‌കാരികോത്സവം നടത്താനും തീരുമാനമുണ്ട്. ഇതിന് കഴിഞ്ഞ ബജറ്റില്‍ ആറരക്കോടി രൂപ വകയിരുത്തി. സര്‍ക്കാറിന്റെ പദ്ധതികള്‍ പ്രവാസികളിലേക്ക് എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി സര്‍ക്കാറിന് ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. പ്രവാസികളുടെ ഒരു വിവരശേഖരം ഉണ്ടാക്കുക എന്നതാണ് ഇതിന് പരിഹാരം.

വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ പോയി ഇക്കാര്യം അവതരിപ്പിച്ചതാണ്. ഇതിനായി ഒരു വെബ് സൈറ്റ് ഉണ്ടാക്കുക എന്നതാണ് എന്റെ ആശയം. അത് കേന്ദ്ര സര്‍ക്കാറിനും നോര്‍ക്കക്കും ചെയ്യാവുന്നതാണ്. നോര്‍ക്ക ഇത് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഞാന്‍ രണ്ട് തവണ പ്രസംഗിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റില്‍ ഓരോ പ്രവാസിയും രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് സര്‍ക്കാറിനോടും സര്‍ക്കാറിന് പ്രവാസികളോടും ഇതുവഴി ആശയവിനിമയം നടത്താമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രവാസികള്‍ ഉള്‍പെടെയുള്ളവരുടെ മക്കള്‍ക്ക് പ്രവേശനം ലഭിക്കാതെവരുന്നത് സി ബി എസ് ഇ അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണെന്ന് എ പ്രദീപ്കുമാര്‍ എം എല്‍ എ പറഞ്ഞു. അത് അതത് മാനേജ്‌മെന്റുകളുടെ ഇഷ്ടമാണ്. അതില്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കുന്നില്ല. അപൂര്‍വം ചില അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സീറ്റ് കിട്ടാന്‍ പ്രയാസമുണ്ടായിരിക്കുമെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. പ്രവാസികളും നാട്ടിലുള്ളവരും ചേര്‍ന്ന് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഉണ്ടാക്കിയാല്‍ ഇവിടേക്ക് വേണ്ട ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി എം എല്‍ എ അഭിപ്രായപ്പെട്ടു. ഇത് നാട്ടിലുള്ളവര്‍ക്കും പ്രവാസികള്‍ക്കും ഗുണകരമായിരിക്കും. തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം എല്‍ എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, സണ്ണി ജോസഫ്, വി പി സജീന്ദ്രന്‍, അഡ്വ. എം. ഉമ്മര്‍ എന്നിവരും സംസാരിച്ചു. ചോദ്യങ്ങള്‍ ചോദിച്ച പലരോടും ആവശ്യവും നിര്‍ദേശങ്ങളും എഴുതി സമര്‍പിക്കാനാണ് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടത്. ഐ എസ് സി സാമൂഹിക ക്ഷേമ വിഭാഗമാണ് സംവാദം സംഘടിപ്പിച്ചത്. സാമൂഹിക ക്ഷേമ വിഭാഗം ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ നായര്‍ ചര്‍ച്ച നിയന്ത്രിച്ചു.