Connect with us

Gulf

ഷാര്‍ജ രാജ്യാന്തര ബാലചലച്ചിത്രോത്സവം ഒക്‌ടോ.എട്ടുമുതല്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര ബാലചലച്ചിത്രോത്സവം ഒക്ടോബര്‍ എട്ട് മുതല്‍ 13 വരെ നടക്കും. ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലും സഹാറ മാളിലെ നോവോ സിനിമയിലുമായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയില്‍ നിന്ന് നാല് ചിത്രങ്ങളുള്‍പെടെ 31 രാജ്യങ്ങളില്‍ നിന്ന് 124 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇത് അഞ്ചാം വര്‍ഷമാണ് ബാലചച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. യു എ ഇ (45), യു എസ് എ (33), ഫ്രാന്‍സ് (29) എന്നീ രാജ്യങ്ങളില്‍നിന്നുമാണ് ഏറ്റവുമധികം ചിത്രങ്ങള്‍. ഇതില്‍ മിക്കവയുടെയും ആദ്യ പ്രദര്‍ശനമാണ്. വാള്‍ട്ട് ഡിസ്‌നി കലാകാരന്മാരുടെയും ഗെയിം ഓഫ് ത്രോണ്‍സ് വിഷ്വല്‍ ഇഫക്ട്‌സ് ടീമിന്റെയുമുള്‍പെടെ 50 ശില്‍പശാലകള്‍ നടക്കും. രാജ്യാന്തര തലത്തിലുള്ള 70 സംവിധായകരെ ചുവന്ന പരവതാനി വിരിച്ച് ആദരിക്കും. മത്സര വിഭാഗങ്ങളില്‍ 19 പേരടങ്ങുന്ന ജൂറിയായിരിക്കും ചിത്രങ്ങള്‍ വിലയിരുത്തുക.
ഇപ്രാവശ്യം ഏഴ് മത്സര വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക. ജി സി സിയില്‍ നിന്നുള്ള മികച്ച ഹ്രസ്വചിത്രം, വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചിത്രം, രാജ്യാന്തര ഹ്രസ്വ ചിത്രം, ആനിമേഷന്‍ ചിത്രം, ഡോക്യുമെന്ററി, ഫീച്ചര്‍ ചിത്രം, കുട്ടികള്‍ നിര്‍മിച്ച ചിത്രം എന്നിവയാണിത്. അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, സഹാറാ മാളിലെ നോവോ സിനിമ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും രാവിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ ഭാഗമായി കല്‍ബ, ദിബ്ബ അല്‍ ഹിസ്ന്‍, ഖോര്‍ഫുഖാന്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 15 മുതല്‍ 31 വരെയും ദൈദ്, മദാം, ഹംരിയ, ബതായിയ എന്നിവിടങ്ങളില്‍ നവംബര്‍ അഞ്ച് മുതല്‍ 16 വരെയും ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷത്തെ ചലച്ചിത്രോത്സവം മികവുറ്റതാകുമെന്ന് ഫണ്‍, ചലച്ചിത്രോത്സവം ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്‍ത് അബ്ദുല്ല അല്‍ ഖാസിമി സംഘാടകരായ ഷാര്‍ജ മീഡിയാ ആര്‍ട്‌സ് ഫോര്‍ യൂത്ത് ആന്‍ഡ് ചില്‍ഡ്രന്റെ ഫണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തെ പ്രഗത്ഭരായ സംവിധായകരും മറ്റ് അണിയറ പ്രവര്‍ത്തകരും സംബന്ധിക്കുകയും തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഷാര്‍ജയില്‍ നിന്നുള്‍പെടെ യുഎഇയില്‍ നിന്നുള്ള ചിത്രങ്ങളുടെ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. യുഎ ഇ നടനും സംവിധായകനുമായ ഡോ. ഹബീബ് ഗുലൂം, ഒലാ അല്‍ ഹജ് ഹുസൈന്‍ എന്നിവരും സംബന്ധിച്ചു.

Latest