കുല്‍ഭൂഷണ്‍ ജാദവിന് പകരം ഒരു തീവ്രവാദിയെ തരാമെന്ന വാഗ്ദാനമുണ്ടായെന്ന് പാക് വിദേശകാര്യ മന്ത്രി

Posted on: September 28, 2017 1:53 pm | Last updated: September 28, 2017 at 5:07 pm

ന്യൂയോര്‍ക്ക്: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പകരം ഒരു തീവ്രവാദിയെ കൈമാറാമെന്ന വാഗ്ദാനം ഉണ്ടായിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ കേസില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന തീവ്രവാദിയെ കൈമാറാമെന്നായിരുന്നു വാദ്ഗാനം. ഒരു രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് തന്നെ സമീപിച്ചതെന്നു പറഞ്ഞ ആസിഫ്, അതാരെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നാണ് മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യയുടെ ചാരസംഘടനയായ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും ശിക്ഷ സ്റ്റേറ്റേ ചെയ്യുകയും ചെയ്തു.