Connect with us

Editorial

കേരളത്തിന് ഷാര്‍ജയുടെ മികച്ച സമ്മാനങ്ങള്‍

Published

|

Last Updated

കേരളത്തിന് ഏറെ ഗുണകരവും ഷാര്‍ജയിലെ മലയാളികളെ ആഹ്ലാദഭരിതരാക്കുന്നതുമാണ് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ കേരള സന്ദര്‍ശനം. സന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ സംയുക്ത പ്രഖ്യാപനത്തിലെ വാഗ്ദാനങ്ങള്‍ കേരളത്തിന് ലഭിച്ച വലിയൊരു സമ്മാനം തന്നെയാണ്. ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഫാമിലി സിറ്റി, കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, എന്‍ജിനീയറിംഗ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്‌കൂളും ഉള്‍പ്പെടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ കേരളത്തിന്റെ മുന്നാവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സുല്‍ത്താന്‍ പറയുകയുണ്ടായി. പത്ത് ഏക്കറിലായി പത്ത് അപ്പാര്‍ട്ട്‌മെന്റ് ടവറുകളാണ് ഫാമിലി സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്. പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കില്‍ കേരളവും ഷാര്‍ജയും സഹകരിച്ചാണ് നടപ്പാക്കുക. കേരളത്തില്‍ അറബിക് പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിനും അവിടെ ജോലിക്കു പോകുന്നവര്‍ക്കു കേരളത്തില്‍തന്നെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ മൂന്നെണ്ണവും. ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദ ടൂറിസം പാക്കേജുകള്‍, കേരളത്തിന്റെ ഐ ടി വൈദഗ്ധ്യവും അടിത്തറയും ഉപയോഗപ്പെടുത്തുന്നതിന് പരസ്പര സഹകരണത്തിലുള്ള പദ്ധതി, കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യപരിപാലന കേന്ദ്രം, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്ക്, നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുളള സഹകരണം തുടങ്ങിയവയാണ് മുഖ്യമന്ത്രി ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍.

സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുമെന്നതാണ് നിര്‍ണായകമായ മറ്റൊരു പ്രഖ്യാപനം, ഷാര്‍ജയിലെ കേരളീയ പ്രവാസികളില്‍ വലിയവിഭാഗത്തിന് ഇത് പ്രയോജനം ചെയ്യും. കേരളത്തില്‍ അറബിക് പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുക, അവിടെ ജോലിക്കു പോകുന്നവര്‍ക്കു കേരളത്തില്‍ തന്നെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുക എന്നീ നിര്‍ദേശവും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സുല്‍ത്താന്‍ അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഷാര്‍ജാ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പും പ്രഖ്യാപിക്കുകയുണ്ടായി.ഗുരുതര ക്രിമിനല്‍ കേസുകളിലല്ലാതെ മൂന്ന് വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിച്ചു നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. “എന്തിന് അവരെ നാട്ടിലേക്കയക്കണം അവര്‍ ഷാര്‍ജയില്‍ തന്നെ നില്‍ക്കട്ടെ. അവര്‍ക്കവിടെ നല്ല ജോലി നല്‍കു”മെന്നായിരുന്നു ഇതിനോട് സുല്‍ത്താന്റെ പ്രതികരണം. സുല്‍ത്താന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം നല്‍കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഈ ഉദാര മനോഭാവം വെളിപ്പെടുത്തിയത്.

ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിനും കേരളീയരോട് കാണിക്കുന്ന ഉദാരതക്കുമുളള നന്ദിസൂചകമായി തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിനു സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉചിതമായി. അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മ പദ്ധതി തയ്യാറാക്കുന്നതിന് ഇരു ഭാഗത്തിനും പ്രാതിനിധ്യമുളള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.

അറബ് ലോകത്തെ സാംസ്‌കാരിക നഗരമെന്നാണ് ഷാര്‍ജ അറിയപ്പെടുന്നത്. വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലക്ക് രാജ്യം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മികച്ച ഭരണാധികാരിയെന്നതിനൊപ്പം സാഹിത്യകാരന്‍ കൂടിയായ ഷാര്‍ജ ശൈഖ് സുല്‍ത്താന്‍ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കോവളം ലാലാ റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ വിരുന്നില്‍ ശൈഖിനെ സ്വാഗതം ചെയ്തു സുല്‍ത്താനുല്‍ ഉലമാ കാന്തപുരം ആലപിച്ച കവിതയില്‍ “സുല്‍ത്താനുല്‍ ഖലം” എന്നാണദ്ദേഹത്തെ വിശേഷിപ്പിച്ചത്. അനാഥ സംരക്ഷണമുള്‍പ്പെടെ കേരളത്തിലെ കാരുണ്യ പ്രവത്തനങ്ങള്‍ക്ക് ഷാര്‍ജ നല്‍കി വരുന്ന സേവനങ്ങളും അനല്‍പ്പമാണ്. ഇക്കാര്യവും കവിതയില്‍ കാന്തപുരം പരാമര്‍ശിക്കുന്നുണ്ട്. ഷാര്‍ജാ ശൈഖും കാന്തപുരവും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളത്. ശൈഖ് സുല്‍ത്താനുമായി ഷാര്‍ജയില്‍ വെച്ചു കാന്തപുരം പലപ്പോഴും കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഷാര്‍ജയിലെ പല ഔദ്യോഗിക പരിപാടികളിലും കാന്തപുരം ക്ഷണിക്കപ്പെടാറുമുണ്ട്.

ഡിസംബറിലെ മുഖ്യമന്ത്രിയുടെ ഷാര്‍ജാ സന്ദര്‍ശന വേളയിലെ ക്ഷണമനുസരിച്ചാണ് സുല്‍ത്താന്‍ ഖാസിമി കേരള സന്ദര്‍ശനത്തിനെത്തിയത്. അടുത്ത വര്‍ഷവും കേരളം സന്ദര്‍ശിക്കുമെന്ന് തനിക്ക് ലഭിച്ച ഊഷ്മള വരവേല്‍പ്പിന് നന്ദി പറയവെ അദ്ദേഹം അറിയിക്കുകയുണ്ടായി. വിദ്യാഭ്യാസ, സാംസ്‌കാരികമുള്‍പ്പെടെ കേരളത്തിനും ഷാര്‍ജക്കും യോജിച്ചു നീങ്ങാവുന്ന മേഖലകള്‍ ഏറെയുണ്ടെന്നിരിക്കെ അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സുല്‍ത്താന്റെ സന്ദര്‍ശനത്തിലൂടെ ലഭ്യമായ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.