Connect with us

Gulf

സഫലമായ പ്രഖ്യാപനം; കേരളത്തിന് സ്‌നേഹം ചൊരിഞ്ഞ് ശൈഖ് സുല്‍ത്താന്‍

Published

|

Last Updated

ദുബൈ: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുടെ പ്രഖ്യാപനം മലയാളികളോടും കേരളത്തോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹ പ്രകടനത്തിന്റെ ഉജ്വല പ്രകടനമായി. പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ജയിലില്‍ നിന്ന് 149 പേരെ മോചിപ്പിച്ച് ഷാര്‍ജ ഗവണ്‍മെന്റ് ഉത്തരവിറക്കിയത് അത്യപൂര്‍വ സംഭവമായി.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്നലെ രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ശൈഖ് സുല്‍ത്താനോട് അഭ്യര്‍ഥിച്ചിരുന്നു.

ഈ അഭ്യര്‍ഥന സ്വീകരിച്ച് കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കണമെന്ന്് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് ശൈഖ് സുല്‍ത്താന്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും എന്നുകൂടി കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ കേരള ജനതക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നതായി മാറി.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകുന്നതാണ.് ശൈഖ് സുല്‍ത്താന്റെ പ്രഖ്യാപപനത്തിന്റെ തുടര്‍ നടപടികള്‍ ദിവസങ്ങള്‍ ശേഷം ആരംഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം നടപടികള്‍ സ്വീകരിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു ഷാര്‍ജ അധികൃതര്‍. ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സൈഫ് അല്‍ സിര്‍റി അല്‍ ശാമിസിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ശൈഖ് സുല്‍ത്താന്റെ പ്രഖ്യാപനത്തെ യു എ ഇയിലെ മലയാളി സമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റത്. തീരുമാനത്തെ സ്വാഗതം ചെയ്തും ശൈഖ് സുല്‍ത്താന്റെ സ്‌നേഹ വായ്പിനു നന്ദിപറഞ്ഞും നിരവധി പേരാണ് പ്രതികരിച്ചത്.

അവിസ്മരണീയമാകുന്ന സന്ദര്‍ശനം

ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം പാതിവഴി പിന്നിട്ടപ്പോള്‍ തന്നെ, എന്തുകൊണ്ടും അവിസ്മരണീയമായി .തിരുവനന്തപുരത്ത് ശൈഖ് കാല്‍ കുത്തിയത് മുതല്‍ ഓരോ പരിപാടിയും ഹൃദ്യമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അത്യന്തം കരുതലോടെയാണ് ഓരോന്നും ഒരുക്കിയത്. നാളെ ശൈഖ് ഷാര്‍ജയിലേക്ക് മടങ്ങുമ്പോള്‍ കേരളത്തിന്റെ ഖ്യാതി അറബിനാട്ടില്‍ പതിന്മടങ്ങു വര്‍ധിക്കും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശൈഖിന്് ഊഷ്മള വരവേല്‍പാണ് ആദ്യദിനം നല്‍കിയത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് യു എ ഇയുടെ ഔദ്യോഗിക വിമാനത്തില്‍ സുല്‍ത്താനെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ടി ജലീല്‍, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ജില്ലാ കളക്ടര്‍ കെ വാസുകി, വ്യവസായി എം എ യൂസുഫലി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കേരളാ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സുല്‍ത്താന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവര്‍ സ്വീകരിച്ചു.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു . ശൈഖ് ഗവര്‍ണര്‍ക്ക് പ്രത്യേക ഉപഹാരവും സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന എന്നിവര്‍ സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചര്‍, ജെ മെഴ്സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി സുധാകരന്‍, മാത്യു ടി തോമസ്. ഡോ. ടി എം തോമസ് ഐസക്ക്, വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ് സെന്തില്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം ശിവശങ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവര്‍ പങ്കെടുത്തു.

ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ശൈഖ്് സലീം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ഉവൈസ്, മുഹമ്മദ് ഉബൈദ് അല്‍സാബി, മുഹമ്മദ് ഹുസൈന്‍ ഖലാഫ്, അഹമ്മദ് സലീം അല്‍ ബയ്റാക്ക്, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന, ജമാല്‍ ഹുസൈന്‍ അല്‍ സാബി എന്നിവരാണ് യു എ ഇ സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താനെയും ഒപ്പമുള്ളവരെയും യോഗത്തിലേക്ക് സ്വാഗതംചെയ്തു. ഇതിനുശേഷം മന്ത്രിമാരെ പരിചയപ്പെടുത്തി. ഷാര്‍ജ ഭരണാധികാരിക്കൊപ്പമെത്തിയവര്‍ സ്വയം പരിചയപ്പെടുത്തി. മന്ത്രിസഭാംഗങ്ങള്‍ക്ക,് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ സുല്‍ത്താന്റെ ജീവചരിത്രം വിതരണം ചെയ്തു. കേരളത്തിനും ഷാര്‍ജക്കും താത്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ച ശേഷം വിവിധ മേഖലകളിലെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ ഉള്‍കൊള്ളിച്ച ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ പദ്ധതി നിര്‍ദേശങ്ങള്‍ സുല്‍ത്താന് മുന്നില്‍ സമര്‍പിച്ചു. തുടര്‍ന്ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംസാരിച്ചു. ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ സാധിക്കുന്ന വിഷയങ്ങളില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. വലിയ ഉരുവിന്റെ മാതൃക ഷാര്‍ജ സുല്‍ത്താന് മുഖ്യമന്ത്രി സമ്മാനിച്ചു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി രാജ്ഭവനില്‍ ഗവര്‍ണര്‍ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പമിരുന്നാണ് ശൈഖ് ഭക്ഷണം കഴിത്. സംസ്ഥാന സര്‍ക്കാര്‍ ലീലാ റാവിസില്‍ വൈകിട്ട് 6.30ന് ഒരുക്കിയ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. രാത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനായി വിരുന്നൊരുക്കി.