പാക്‌വിരുദ്ധ പരാമര്‍ശം: സുഷമക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍

Posted on: September 27, 2017 12:42 am | Last updated: September 26, 2017 at 10:44 pm

ബീജിംഗ്: യു എന്നില്‍ പാക്കിസ്ഥാനെ തീവ്രവാദം ഉത്പാദിപ്പിക്കുന്ന പ്രധാന ഫാക്ടറിയെന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിനെതിരെ ചൈനയുടെ ഔദ്യോഗിക പത്രം. അതേ സമയം സുഷമയുടെ പ്രസംഗം അഹങ്കാരമെന്ന് വിളിച്ച പത്രം പാക്കിസ്ഥാനില്‍ തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു.

പാക്കിസ്ഥാനില്‍ ഭീകരവാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് രാജ്യത്തിന്റെ ദേശീയ നയത്തെ പിന്തുണക്കുന്നുണ്ടോ?. തീവ്രവാദം കയറ്റി അയച്ചിട്ട് പാക്കിസ്ഥാന്‍ എന്തു നേടാനാണ്? പണമോ അല്ലെങ്കില്‍ അഭിമാനമോ-ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഉന്നയിക്കുന്ന ചോദ്യമിതാണ്. സമീപ വര്‍ഷങ്ങളില്‍ സാമ്പത്തിക മേഖലയിലും വിദേശ ബന്ധങ്ങളിലും സുഗമമായ വികസനം നടത്തുന്ന പാക്കിസ്ഥാനെ ധിക്കാരത്തോടെ ഇന്ത്യ താഴ്ത്തിക്കെട്ടുകയാണെന്നും പത്രം പറയുന്നു.
ഇന്ത്യയുടെ മര്‍ക്കടമുഷ്ടി അതിന്റെ ആഗ്രഹത്തിന് യോജിച്ചതല്ലെന്നും എഡിറ്റോറിയല്‍ തുടര്‍ന്ന് പറയുന്നുണ്ട്. സിക്കിം സെക്ഷനിലെ ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും 73 ദിവസം നേര്‍ക്കുനേര്‍ നിന്നതും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നുണ്ട്.