Connect with us

Gulf

ഷാര്‍ജ ഭരണാധികാരിയുടെ സമക്ഷം പദ്ധതികള്‍; യാഥാര്‍ഥ്യമായാല്‍ വന്‍നേട്ടം

Published

|

Last Updated

ശൈഖ് സുല്‍ത്താനെ ഗവര്‍ണര്‍ പി സദാശിവം സ്വീകരിക്കുന്നു

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ മുമ്പാകെ രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പിച്ച അപേക്ഷകള്‍ പ്രാവര്‍ത്തികമായാല്‍ ഷാര്‍ജയിലെ മലയാളികള്‍ക്ക് വലിയ നേട്ടമാകും. ഏഴ് പദ്ധതികളാണ് സമര്‍പിച്ചത്.
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതിയാണ് അതില്‍ പ്രധാനം. ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍ ഉള്‍കൊള്ളുന്ന ഫാമിലി സിറ്റിയാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്കും ചികിത്സാ സേവനം ലഭിക്കും.
രാജ്യാന്തര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് മറ്റൊരു പദ്ധതി. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം ആവശ്യമുണ്ട്. ഇതിനുവേണ്ടി ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍
വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിനു ഷാര്‍ജയില്‍ സൗകര്യം – ഇവയാണു സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.

ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും: ഷാര്‍ജയില്‍നിന്നു വരുന്ന അതിഥികള്‍ക്കുവേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദ ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ച സാംസ്‌കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കും.
പശ്ചാതല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍: അടുത്ത നാലു വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍മുടക്കാണു കേരളം വിഭാവനംചെയ്യുന്നത്. ഐടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്. പശ്ചാതല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.

ഐടി മേഖലയില്‍ കേരളം – ഷാര്‍ജ സഹകരണം: ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിനു പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍കുകള്‍ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിനു മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് മിഷനു പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും “ബാക്ക് ഓഫിസ് ഓപ്പറേഷന്‍സ്” കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്ടര്‍മാരും സ്‌പെഷലിസ്റ്റുകളും ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫു മുണ്ട്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിനു സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍മുടക്കില്‍ ആരംഭിക്കാം.

കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തിലൊരുക്കിയിരുന്നത്. ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ശൈഖ് സുല്‍ത്താനും കുടുംബാംഗങ്ങള്‍ക്കും ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ ഒരുക്കി. മലയാളികള്‍ യു എ ഇ വികസനത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ശൈഖ് വിശദമായി സംസാരിച്ചു. കേരളത്തിലെത്തിയശേഷം കോവളം ലീല ഹോട്ടലില്‍ ചായസല്‍ക്കാരത്തിനിടെ മന്ത്രിമാരായ കെ ടി ജലീല്‍, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിടുകയായിരുന്നു ശൈഖ്. പണ്ഡിതനും വാഗ്മിയുമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സമാഹാരമായ കലക്ഷന്‍ ഓഫ് സ്പീച്ചസിനെക്കുറിച്ചും വിശദമായി സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക പുരോഗതി ഉള്‍പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ശൈഖ് ചോദിച്ചറിഞ്ഞു. യു എ ഇ കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ക്കു പുറമെ സംസ്ഥാന സര്‍ക്കാരും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി. രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനത്തിനുള്ള സെറിമോണിയല്‍ സെക്യൂരിറ്റി വ്യവസ്ഥകള്‍ പ്രകാരമായിരുന്നു സംവിധാനങ്ങള്‍. ഐജി മനോജ് ഏബ്രഹാമിനായിരുന്നു സുരക്ഷാ ചുമതല.

 

Latest