ഷാര്‍ജ ഭരണാധികാരിക്ക് നല്‍കിയ സമ്മാനം ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി: സ്പീക്കര്‍

Posted on: September 26, 2017 6:56 pm | Last updated: September 26, 2017 at 6:56 pm

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നല്‍കിയ സമ്മാനം ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഹസ്രാബ്ദങ്ങള്‍ നീളുന്ന തുടര്‍ച്ചയായ ആദാനപ്രദാനങ്ങളാണ് കേരളവും അറബ് നാടുകളുമായുള്ളത്.

കേരളത്തിലെ സമന്വിത സംസ്‌കാരത്തിന് അറബ്മുസ്ലീം ലോകം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. ഇതിന്റെ തിരുശേഷിപ്പുകളായ ചരിത്രരേഖകളാണ് ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നല്‍കിയ സമ്മാനം ചരിത്രത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായി. സഹസ്രാബ്ദങ്ങള്‍ നീളുന്ന തുടര്‍ച്ചയായ ആദാനപ്രദാനങ്ങളാണ് കേരളവും അറബ് നാടുകളുമായുള്ളത്. കേരളത്തിലെ സമന്വിത സംസ്കാരത്തിന് അറബ്-മുസ്ലീം ലോകം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. ഇതിന്‍റെ തിരുശേഷിപ്പുകളായ ചരിത്രരേഖകളാണ് ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിലെ കാര്‍ട്ടോഗ്രാഫ്, 1911-ല്‍ അച്ചടിച്ച ഡച്ച് ഗസറ്റ്, ദലാ ഇലുല്‍ ഖൈറാത്ത് കൃതിയുടെ കല്ലച്ചില്‍ അടിച്ച പ്രതി, ഷേയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമുമായി ബന്ധപ്പെട്ട അറബ് ലിപിയിലുള്ള അറബ് – മലയാളം ഹസ്ത ലിഖിതം, 1933-ലെ തലശ്ശേരി മുസ്ലീം ക്ലബ്ബ് രൂപവല്‍ക്കരണ രേഖകള്‍, അത്യപൂര്‍വ്വമായ കല്ലച്ചില്‍ അച്ചടിച്ച ഖുറാന്‍ എന്നിവയാണ് സമ്മാനിച്ചത്. ഇതോടൊപ്പം ഷെയ്ഖ് സൈനുദ്ദീന്‍ 16-ാം നൂറ്റാണ്ടില്‍ അറബിയില്‍ രചിച്ച തുഹ്ഫത്തൂല്‍ മുജാഹിദ്ദീന്‍, ഫത്തഫ് ഉല്‍ മുബീന്‍ എന്നീ കൃതികളും ഹുസൈന്‍ നായ്നാര്‍ രചിച്ച Arab Geographers and knowledge of South India എന്ന പുസ്തകവും സമ്മാനിച്ചു.

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ചരിത്രരേഖകളും സംസ്കൃതിയുടെ ചിഹ്നങ്ങളും മറ്റും ശേഖരിക്കുന്നതില്‍ അതീവ തല്പരനാണ് ഷാര്‍ജ സുല്‍ത്താന്‍. മാനവരാശിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായി ഷാര്‍ജയെ മാറ്റാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. തന്‍റെ ഉദ്യമത്തിന് ഏറെ സഹായകമായ അമൂല്യ ഉപഹാരമാണ് നല്കിയതെന്നും ഇവയുടെ സംരക്ഷണം തന്‍റെ ബാധ്യതയാണെന്നും ഷാര്‍ജ സുല്‍ത്താന്‍ പറഞ്ഞു. ഖുറാന്‍റെ കല്ലച്ച് പ്രിന്‍റ് അത്ഭുതാദരങ്ങളോടെയാണ് സുല്‍ത്താന്‍ സ്വീകരിച്ചത്. ഇത് കേവലമൊരു ഉപഹാരമല്ല മറിച്ച്, ഒരു അമാനത്ത് ആയാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയിലെ നിള ഹെറിറ്റേജ് മ്യൂസിയവും സാംസ്കാരിക കേന്ദ്രവും മലബാര്‍-അറബ് ബന്ധങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് എന്നറിഞ്ഞപ്പോള്‍ സുല്‍ത്താന്‍ പ്രത്യേക താല്പര്യം അറിയിക്കുകയുണ്ടായി. 1933-ലെ തലശ്ശേരി മുസ്ലീം ക്ലബ്ബിന്‍റെ രേഖകള്‍ മുഖ്യമന്ത്രിക്കും കൗതുകമായി.