ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ്: 5000 മീറ്ററില്‍ ലക്ഷ്മണന് സ്വര്‍ണം

Posted on: September 26, 2017 9:02 am | Last updated: September 26, 2017 at 9:02 am

ചെന്നൈ: 57ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 5000 മീറ്ററില്‍ സര്‍വീസസിന്റെ തമിഴ്‌നാട് താരം ജി ലക്ഷ്മണിന് സ്വര്‍ണം. നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് മിനുട്ട് 4.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലക്ഷ്മണന്‍ സ്വര്‍ണം നേടിയത്. റെയില്‍വേസിന്റെ അഭിഷേക് പാല്‍ വെള്ളിയും (14.08.38) സര്‍വീസസിന്റെ മാന്‍ സിംഗ് വെങ്കലവും ( 14:08.87) നേടി. നേരത്തെ, തുര്‍ക്ക്‌മെനിസ്ഥാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ ലക്ഷ്മണന്‍ സ്വര്‍ണം നേടിയിരുന്നു. ലണ്ടനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ കുറിച്ച 13:35.69 ആണ് ലക്ഷ്മണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

വനിതാ വിഭാഗം 5000 മീറ്ററില്‍ റെയില്‍വേസിന്റെ എല്‍ സൂര്യ സ്വര്‍ണമണിഞ്ഞു. 16 മിനുട്ട്, 2.85 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സൂര്യ നേട്ടം സ്വന്തമാക്കിയത്. റെയില്‍വേയുടെ തന്നെ ചിന്ത യാദവ് (16:40.45) വെള്ളിയും പോലീസിലെ സായ്ഗീത നായ്ക്ക് (16:53.97) വെങ്കലവും നേടി. പുരുഷന്മാരൂടെ ഷോട്പുട്ടില്‍ സര്‍വീസസിന്റെ തെജിന്ദര്‍ പാല്‍ സിംഗ് സ്വര്‍ണം നേടി. 18.86 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയെടുത്തത്. ഒഎന്‍ജിസിയുടെ പ്രകാശ് സിംഗ് (18.80) വെള്ളിയും റെയില്‍വേസിന്റെ ജസ്ദീപ് സിംഗ് വെങ്കലവും (18.51) കരസ്ഥമാക്കി.