Connect with us

International

അഭയാര്‍ഥി പ്രളയം: ബംഗ്ലാദേശിന് വിപുലമായ സഹായം അനിവാര്യം

Published

|

Last Updated

ന്യൂയോര്‍ക്ക്/ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിപുലമായ സഹായം ആവശ്യമാണെന്ന് യു എന്‍. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ റാഖിനെയില്‍ മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തിലുള്ള വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ 4.36 ലക്ഷം റോഹിംഗ്യകളാണ് കടല്‍, കര മാര്‍ഗ്ഗം ബംഗ്ലാദേശിലെത്തിയത്. ക്രൂരമായ ആക്രമണത്തിനും പീഡനത്തിനും ഇരയായ സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികള്‍ക്ക് പൂര്‍ണമായും ചികിത്സ എത്തിക്കാനോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. ക്യാമ്പുകളിലെ ജനബാഹൂല്യം കൊണ്ട് അധികൃതര്‍ പൊറുതിമുട്ടുകയാണെന്നും ഭീകരമായ രീതിയിലേക്ക് ഇവിടുത്തെ സാഹചര്യം മാറിയിട്ടുണ്ടെന്നും കോക്‌സസ് ബസാറിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം യു എന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹൈകമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി. ഭക്ഷണം, ശുദ്ധജലം, അഭയകേന്ദ്രം, ചികിത്സ തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും അഭയാര്‍ഥികള്‍ക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും സന്നദ്ധ പ്രവര്‍ത്തനത്തിനുള്ളവരും കോക്‌സസ് ബസാറില്‍ ആവശ്യമാണ്. അഭയാര്‍ഥികള്‍ ഇനിയും വരുമെന്നാണ് യു എന്‍ അധികൃതരുടെ കണക്കുകൂട്ടല്‍. ബംഗ്ലാദേശിലെത്തുന്ന അഭയാര്‍ഥികളുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക സഹായവും ബംഗ്ലാദേശിന് ആവശ്യമുണ്ട്. സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ബംഗ്ലാദേശിന് ആഗോള തലത്തില്‍ നിന്നുള്ള സഹായമാണ് ഏകയുള്ള പ്രതീക്ഷ.
അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ റോഹിംഗ്യന്‍ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണ നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ്, അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗ്ലാദേശിന് സഹായമെത്തുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഇന്ത്യ, ചൈന എന്നി ഏഷ്യന്‍ രാജ്യങ്ങള്‍ റോഹിംഗ്യന്‍വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. വിവിധ സമയങ്ങളിലായി ബംഗ്ലാദേശില്‍ ഏഴ് ലക്ഷത്തോളം റോഹിഗ്യകള്‍ ഇതുവരെ അഭയം തേടിയെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പേര് രജിസ്റ്റര്‍ ചെയ്യാത്തവരായി ആയിരങ്ങള്‍ വേറെയും ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതിനിടെ, റോഹിംഗ്യകളുടെ എണ്ണം വര്‍ധിച്ചതോടെ അഭയാര്‍ഥികളോട് മ്യാന്മറിലേക്ക് തന്നെ മടങ്ങാന്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഹിംഗ്യകളെ സ്വീകരിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ സന്നദ്ധരാകണമെന്നും മനുഷ്യത്വപരമായ നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.