ഷാര്‍ജ ഭരണാധികാരി നാളെ ഗവര്‍ണറും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും

Posted on: September 24, 2017 8:01 pm | Last updated: September 24, 2017 at 8:01 pm

തിരുവനന്തപുരം: തിങ്കളാഴ്ച മുതലാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമായി പ്രത്യേക കടിക്കാഴ്ച്ച. ഗവര്‍ണര്‍ ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം കോവളത്തേക്ക് മടങ്ങും. ഹോട്ടലില്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളിലും മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിലും പങ്കെടുക്കും.

ചൊവ്വാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാവിലെ 11.30ന് രാജ്ഭവനിലെത്തി കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ചടങ്ങില്‍ പങ്കെടുക്കും. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഡി ലിറ്റ് നല്‍കും. ഉച്ചയോടെ കോവളത്തേക്ക് മടങ്ങും. വൈകുന്നേരം താജ് വിവാന്തയില്‍ പ്രഭാഷണം നടത്തും. അവിടെ വെച്ച് മാധ്യമങ്ങളെയും കാണും.
27ന് രാവിലെ കൊച്ചിയിലേക്ക് പോകും. അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. 28ന് തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് മടങ്ങും. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തിലും കോവളത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്നയുടെ ഉന്നതതല സംഘം നേരത്തെ മുതല്‍ തിരുവനന്തപുരത്തുണ്ട്. ഷാര്‍ജയില്‍ ലക്ഷകണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നതെന്നിരിക്കെ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.