ബുദ്ധന്റെ നാമത്തില്‍…

കാറ്റിനെ പോലും തടയരുത്; അതിന് വേദനിക്കും. ഉറുമ്പിന്റെ പാതയില്‍ ഇരിക്കരുത്; അതിന് വഴി തെറ്റും. ഉറക്കെ സംസാരിക്കരുത്; മനസ്സ് ഇരുണ്ടു പോകും എന്നെല്ലാം പഠിപ്പിക്കുന്ന സന്യാസി വര്യന്‍മാരുടെ നാട്ടില്‍ നിന്ന് മനുഷ്യന്റെ പച്ച മാസം കരിഞ്ഞ മണം ലോകത്തിന്റെ മൂക്ക് തുളച്ച് വരുന്നത് എന്ത് കൊണ്ടാണ്? സൈന്യം എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കാനല്ലാതെ ലോകസമൂഹത്തോട് ഉരിയാടാന്‍ സൂക്കിക്ക് ആകുന്നില്ല. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്. ഒരു നിമിഷത്തിന് ഒരു ദിനത്തെയും ഒരു ദിനത്തിന് ഒരു ജീവിതത്തെയും ഒരു ജീവിതത്തിന് ലോകത്തെ തന്നെയും മാറ്റാന്‍ കഴിയുമെന്ന ബുദ്ധന്റെ അധ്യാപനം അവര്‍ ചെവിക്കൊള്ളണം.
Posted on: September 23, 2017 6:01 am | Last updated: September 23, 2017 at 12:05 am

ബന്ധങ്ങള്‍ക്ക് ഒരിക്കലും സ്വാഭാവിക മരണം സംഭവിക്കുന്നില്ല. അജ്ഞതയും അഹംഭാവവും മനുഷ്യന്റെ സമീപനങ്ങളും ചേര്‍ന്ന് ബന്ധങ്ങളെ കൊല ചെയ്യുകയാണ്- ബുദ്ധന്റെ ഈ വാക്കുകള്‍ക്ക് അര്‍ഥലോപം വന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മ്യാന്‍മറില്‍ നിന്ന് ലോകം അറിഞ്ഞു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍. ജീവ സമൂഹത്തോട് അഖിലവുമുള്ള സ്‌നേഹ ബന്ധത്തിനും മനുഷ്യ സാഹോദര്യത്തിനും സമാധാന സഹവര്‍ത്തിത്വത്തിനും വമ്പിച്ച പ്രാധാന്യം നല്‍കിയ ദര്‍ശനമാണ് ബുദ്ധന്റേത്. കാറ്റിനെ പോലും തടയരുത്; അതിന് വേദനിക്കും. ഉറുമ്പിന്റെ പാതയില്‍ ഇരിക്കരുത്; അതിന് വഴി തെറ്റും. ഉറക്കെ സംസാരിക്കരുത്; മനസ്സ് ഇരുണ്ടു പോകും എന്നെല്ലാം പഠിപ്പിക്കുന്ന സന്യാസി വര്യന്‍മാരുടെ നാട്ടില്‍ നിന്ന് മനുഷ്യന്റെ പച്ചമാസം കരിഞ്ഞ മണം ലോകത്തിന്റെ മൂക്ക് തുളച്ച് വരുന്നത് എന്ത് കൊണ്ടാണ്?
പറയുന്നത് പ്രവര്‍ത്തിക്കുന്നതല്ലേ ബുദ്ധ സിദ്ധാന്തങ്ങള്‍? അതോ ബുദ്ധന്റെ അധ്യാപനങ്ങള്‍ ആധുനിക കാലഘട്ടത്തിന് യോജിക്കാത്തതായോ? അതുമല്ലെങ്കില്‍ പുറമേ പരക്കുന്ന ആദര്‍ശങ്ങളല്ല, ബുദ്ധ സന്യാസിമാരുടെ പ്രായോഗിക തലത്തിലെ യാഥാര്‍ഥ്യങ്ങളെന്ന് വകതിരിച്ച് അറിയിക്കുകയാണോ? അതോ ആംഗ് സാന്‍ സൂകി ഇപ്പോഴും സൈന്യത്തിന്റെ തടവറയിലോ?

മനുഷ്യന്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന, അടിച്ചോടിക്കുന്ന, തീവെച്ച് നശിപ്പിക്കുന്ന, ബോംബിട്ട് തകര്‍ക്കുന്ന ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ വംശഹത്യകളാണ് മ്യാന്‍മറില്‍ നടക്കുന്നത്. പട്ടാള ഭരണത്തിനെതിരെ രാജ്യത്ത് സമാധാനം സ്ഥാപിച്ചെടുക്കാന്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) എന്ന പോരാളി സംഘടനയിലൂടെ പടനയിച്ച സൂകി എന്ന ധീര വനനിതയെ നൊബേല്‍ നല്‍കി ലോകം ആദരിച്ചു. അതേ വനിത നേതൃത്വം നല്‍കുന്ന സര്‍ക്കാറാണ് ഈ നരനായാട്ട് നടത്തുന്നത് എന്നത് ലോക സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ തുല്യതയില്ലാത്ത നരവേട്ട എന്നാണ് യു എന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ജനിച്ച മണ്ണില്‍ പ്രാണവായു പോലും നിഷേധിക്കുമ്പോള്‍ ആയുസ്സ് കാലത്തെ അധ്വാനത്തിന്റെ ശേഷിപ്പുകളെല്ലാം വിട്ടെറിഞ്ഞ് മ്യാന്‍മറില്‍ നിന്ന് ഓടിപ്പോകുന്ന മനുഷ്യ കോലങ്ങളെ സ്‌നേഹത്തോടെ സ്വകരിക്കാന്‍ പോലും ആരുമില്ലെന്ന് വന്നിരിക്കുന്നു. ചെല്ലുന്നേടത്ത് നിന്നെല്ലാം അവരെ തല്ലിയോടിക്കുന്നു. മുന്തിയ ഭക്ഷണവും മികച്ച സൗകര്യങ്ങളും വെച്ച് നീട്ടി തെരുവു നായ്ക്കളെപ്പോലും സംരക്ഷിക്കുന്നവര്‍ പക്ഷേ, പൈദാഹങ്ങളാല്‍ കോലം കെട്ടുപോയ മനുഷ്യരൂപങ്ങളെ ആട്ടിപ്പായിക്കുന്നു. എങ്ങോട്ട് പോകണം അവര്‍? ഏതാണ് അവരുടെ ഊര്? എന്താണ് അവര്‍ ചെയ്ത തെറ്റ്?

റോഹിന്‍ഗ്യ ഒരു മനുഷ്യവംശമാണ്. മറ്റെല്ലാവരേയും പോലുള്ള മനുഷ്യാവകാശങ്ങള്‍ അവര്‍ക്കുമുണ്ട്. നൂറ്റാണ്ടുകളായി ബര്‍മയില്‍ കുടിപാര്‍ത്ത് വരുന്നവരാണ് അവര്‍. അവരുടെ തലമുറകള്‍ ജനിച്ചതും ജീവിച്ചതും അവര്‍ക്ക് വേണ്ടി സമ്പാദിച്ച് വെച്ചതുമെല്ലാം ബര്‍മീസ് മണ്ണിലാണ്. അവരുടെ പൂര്‍വികര്‍ രക്തം വിയര്‍പ്പാക്കി അധ്വാനിച്ചതും മിച്ചം വെച്ചതും കൂടിയാണ് ആധുനിക മ്യാന്‍മറിന്റെ ഉയര്‍ച്ചയുടെ പടിക്കെട്ടുകളായി തിളങ്ങുന്നത്.
റോഹിന്‍ഗ്യര്‍ പക്ഷേ ആ മണ്ണില്‍ തങ്ങളുടേത് മാത്രമാക്കി ഒന്നും കരുതിവെച്ചില്ല എന്നതാണ് അവരുടെ നഷ്ടം. എല്ലാം നാടിനും നാട്ടാര്‍ക്കും വേണ്ടി ഒരുക്കിവെച്ചവരാണവര്‍. അതവരുടെ സംസ്‌കാരമാണ്. മുഗള്‍ ഭരണകാലത്തും അതിന് മുമ്പും അവരുടെ മുന്‍ഗാമികള്‍ തുടര്‍ന്നു വന്ന വിശാലതയുടെ പിന്തുടര്‍ച്ച. ഉള്ളതെല്ലാം ദേശത്തിന് നല്‍കിയവര്‍. കരവിരുതും കായികാധ്വാനവും കൊണ്ട് ദേശത്തെ ശക്തിപ്പെടുത്തിയവര്‍. മ്യാന്‍മറിന്റെ നഗരങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങളും വിനോദ സഞ്ചാര മേഖലയില്‍ കരവൈഭവത്തിന് ഉദാഹരണമാകുന്ന മനോഹര ദൃശ്യങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നു.

പില്‍ക്കാലത്ത് അവിടേക്ക് ചുരമിറങ്ങി വന്ന ബുദ്ധ സമൂഹം ഭാവിയില്‍ ഉന്നം വെച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നാടിന്റെ സ്വത്തുക്കളെല്ലം അവരുടേതായി. ആ നാട്ടിലെ അടിസ്ഥാന വര്‍ഗമായ റോഹിന്‍ഗ്യകള്‍ അന്യരും. ഏഷ്യയുടെ തെക്ക് കിഴക്കന്‍ പ്രദേശത്താണ് മ്യാന്‍മറിന്റെ സ്ഥാനം. ഇവിടെ ആകെയുള്ളത് അഞ്ച് കോടി ഇരുപത് ലക്ഷം ജനങ്ങളാണ്. അവരില്‍ ഒരു കോടി മുപ്പത് ലക്ഷമാണ് റോഹിംഗ്യകള്‍. ഇവര്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ബാക്കിയുള്ളത് ഹിന്ദുക്കളും. മൊത്തം ജനസംഖ്യയില്‍ ഭൂരിഭാഗവും ബുദ്ധമതക്കാരും.

മ്യാന്‍മറിലെ പട്ടാളം വംശഹത്യയിലൂടെ റോഹിന്‍ഗ്യരെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന കൃത്യങ്ങളുടെ ഒടുവിലത്തെ സംഭവവികാസങ്ങളാണ് നാം അറിയുന്നത്. റോഹിന്‍ഗ്യര്‍ പ്രാണനും കൊണ്ടോടുകയാണ്. കടല്‍ നീന്തി മറുകര പറ്റി തിരിഞ്ഞു നോക്കുമ്പോള്‍ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, പാലൂട്ടുന്ന മാതാവിനെ, പൊന്നുമ്മ നല്‍കുന്ന പിതാവിനെ, കൈപിടിച്ച് നടന്ന വല്യുപ്പാനെ കാണാതെ കരയുന്ന കുട്ടികള്‍, വാര്‍ധക്യത്തില്‍ താങ്ങായി നിന്ന കുടംബ നാഥന്‍മാരായ മക്കളെ കൈവിട്ട് പോയ വൃദ്ധ ജനങ്ങള്‍! ഒട്ടിയ വയറും ഒഴുകുന്ന കണ്ണും. ഉണ്ണാനില്ല, ഉടുക്കാനില്ല, ഉറങ്ങാനൊരിടമില്ല. ഇറങ്ങി ചോദിക്കാന്‍ നിയമം അനുവദിക്കുന്നില്ല…. എന്നിട്ടും മരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ അവര്‍ സഞ്ചരിക്കുകയാണ് അഭയാര്‍ഥികളായി….
നമ്മുടെ നാട്ടിലും വന്നു അവര്‍. തമിഴ്‌നാട്ടില്‍ പോലും റോഹിന്‍ഗ്യാ കോളനി ഉണ്ടിപ്പോള്‍. ഏറ്റവും ഒടുവില്‍ 40,000 പേര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലോകത്തിന്റെ എല്ലാ ഭാഗത്തും അവര്‍ എത്തിപ്പെട്ടിരിക്കുന്നു. റോഹിന്‍ഗ്യര്‍ ഏറിയ ഭാഗവും ഇപ്പോള്‍ മ്യാന്‍മറില്‍ ഇല്ല. ഒമ്പത് ലക്ഷം പേര്‍ ബംഗ്ലാദേശിലാണ്. അവരില്‍ നാല് ലക്ഷവും എത്തിയത് ഈ ആഗസ്റ്റിന്റെ അവസാനത്തിലാണ്.

മ്യാന്‍മറില്‍ 135 വംശീയ വിഭാഗങ്ങള്‍ ഉണ്ട്. അവരില്‍ ഒരു വംശമായി ഭരണകൂടം റോഹിന്‍ഗ്യകളെ അംഗീകരിക്കുന്നില്ല. അവര്‍ക്ക് പൗരത്വം നല്‍കുന്നില്ല. പടിഞ്ഞാറന്‍ തീരത്തുള്ള റാഖിനെ സംസ്ഥാനത്താണ് ഇവര്‍ ഏറെയുള്ളത്. പൗരന്‍മാരല്ല എന്ന നിലയില്‍ കാലാകാലങ്ങളില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് അവിടെ കുടിപാര്‍ക്കാന്‍ കഴിയൂ.

അന്യ പൗരന്‍മാരുടെ പ്രദേശം എന്ന നിലയിലാണ് റാഖിനെ സംസ്ഥാനത്തെ കേന്ദ്ര നേതൃത്വം കാണുന്നത്. അത്‌കൊണ്ട് തന്നെ മനുഷ്യ ജീവിതത്തിന് അത്യാവശ്യം വേണ്ടി വരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല. റോഡില്ല. വൈദ്യുതിയില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ ഇത് വഴി വരില്ല. സ്‌കൂളില്ല. ആശുപത്രികളില്ല. പണിശാലകള്‍ ഇല്ല. ന്യായവില ഷോപ്പുകളില്ല, ന്യായം തന്നെയുമില്ല. ദൂരദേശത്തെ വിദ്യാലയങ്ങളില്‍ റോഹിന്‍ഗ്യന്‍ മക്കള്‍ക്ക് പ്രവേശനം ഇല്ല. ആശുപത്രിയും ആതുര സേവയും അവര്‍ക്ക് അന്യമാണ്. പനി വന്നാല്‍ മരണം ഉറപ്പായ അവസ്ഥ. പഠനം പാടില്ലാത്തതിനാല്‍ മാന്യമായ സാമൂഹിക ജീവിതവും ഉദ്യോഗ ഭരണ പങ്കാളിത്തവും അവര്‍ക്ക് ഇന്ന് വിലക്കപ്പെട്ട കനി മാത്രമാണ്.

ഒരു കാലത്ത് അവരായിരുന്നു റാഖിനെയിലെ ഭരണകര്‍ത്താക്കള്‍. റോഹിന്‍ഗ്യര്‍ മ്യാന്‍മറില്‍ ഇന്നലെ മുളച്ചുവന്നവരല്ല. ഇസില്‍, ലശ്കറെ, ഇന്ത്യന്‍ മുജാഹിദീന്‍ പോലെ ഇരുട്ടി വെളുത്തപ്പോള്‍ പൊട്ടിമുളച്ച ഭീകര സംഘവുമല്ല. 12-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതല്‍ അവരുടെ സാന്നിധ്യം ബര്‍മന്‍ മണ്ണില്‍ രേഖപ്പെട്ട് കിടക്കുന്നു. ചരിത്രാതീത കാലം മുതല്‍ തന്നെ തങ്ങള്‍ മ്യാന്‍മറില്‍ ഉണ്ടായിരുന്നുവെന്നാണ് അരാക്കന്‍ റോഹിന്‍ഗ്യാ നാഷനല്‍ ഓര്‍ഗനൈസേഷന്‍ അവകാശപ്പെടുന്നത്.
അവിഭക്ത ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോള്‍ ബര്‍മയും അവരുടെ അധീശത്വത്തിലായിരുന്നു. 1824 മുതല്‍ 1948 വരെ ബര്‍മയില്‍ ബ്രിട്ടീഷ് ആധിപത്യം നിലനിന്നു. എല്ലാ സ്ഥലത്തേക്കും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കൊണ്ടു പോകുന്നത് വെള്ളക്കാര്‍ പതിവാക്കിയിരുന്നു. അത്തരം യാത്രകള്‍ വെറും ആഭ്യന്തര കാര്യവും ഒരേ ഭരണ പ്രദേശത്തെ കാര്യങ്ങളുമായാണ് ബ്രിട്ടന്‍ കണ്ടിരുന്നത്. ഇപ്പോഴത്തെ പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങലിലെല്ലാം ഇത്തരം ആള്‍ക്കാരെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാര്‍പ്പിച്ചിരുന്നു. അവര്‍ക്ക് മുന്തിയ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.

1948ന് ശേഷം വന്ന സര്‍ക്കാര്‍ ഇത്തരം കുടിയേറ്റങ്ങള്‍ അനധികൃതമാണെന്നും അവരെല്ലാം മടങ്ങിപ്പോകണമെന്നും ശഠിച്ചതോടെ പ്രശ്‌നങ്ങള്‍ തലപൊക്കുകയായിരുന്നു. വിനോദസഞ്ചാര മേഖലയില്‍ പുതിയ നാഗരിക നിര്‍മിതികള്‍ വിഭാവന ചെയ്യുന്നതിനും സൗധങ്ങള്‍ പണിതുയര്‍ത്തുന്നതിനും ശില്‍പ്പികളായി നിന്നവര്‍ പിന്നീട് അവിടുത്തെ കാഴ്ചക്കാരായാല്‍ മതി എന്ന ദുര്‍വാശിയായി സര്‍ക്കാറിന്. അപ്പോഴേക്കും അര- മുക്കാല്‍ നൂറ്റാണ്ട് അവര്‍ അവിടെ പാര്‍ത്തുകഴിഞ്ഞിരുന്നു. ഇന്ന് ആ ഭീഷണിക്ക് മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കുന്നവര്‍ അവിടെ പിറന്നവരും ആ മണ്ണിന്റെ ഉപ്പും ചോറും തിന്നവരും അവിടുത്തെ ഭാഷ മാതൃഭാഷയായവരും മാത്രമാണ്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നവര്‍ പോകണം എന്ന പേരില്‍ ബര്‍മയിലെ ആദി സമൂഹമായ റോഹിന്‍ഗ്യരെ മുഴുവന്‍ ആട്ടിപ്പായിക്കാന്‍ വഴിയൊരുക്കുന്ന നിയമനിര്‍മാണങ്ങളാണ് പിന്നീടുണ്ടായതെല്ലാം.
യൂനിയന്‍ സിറ്റിസണ്‍സ്ഷിപ്പ് ആക്ട് നിലവില്‍ വന്നതോടെ എല്ലാ വംശവിഭാഗങ്ങള്‍ക്കും പൗരത്വമായി. 135 വംശങ്ങള്‍ മ്യാന്മറിലെ പൗരന്മാരായി. ആക്ടിലെ വ്യവസ്ഥ പ്രകാരം രണ്ട് തലമുറയായി മ്യാന്മറില്‍ താമസിച്ചിരുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. റോഹിന്‍ഗ്യകള്‍ക്കും അങ്ങനെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതാണ് ആശ്വാസ നടപടിയായത്. ഈ വേളയില്‍ റോഹിംഗ്യര്‍ പ്രശസ്തമായ രാജ്യസേവനം ചെയ്തു. ജനപ്രതിനിധികളായി. പാര്‍ലിമെന്റില്‍ പോലും നല്ല വികസന വീക്ഷണവും ഭരണപാടവവും അവര്‍ തെളിയിച്ചു.

സൈന്യം അധികാരം പിടിച്ചെടുത്ത 1962 മുതല്‍ കാര്യങ്ങള്‍ വീണ്ടും തലകീഴായി മറിഞ്ഞു. പാട്ടാളത്തില്‍ ജോലി ചെയ്യാത്ത എല്ലാവരും നാഷനല്‍ റജിസ്‌ട്രേഷന്‍ കാര്‍ഡ് നേടണമെന്ന് നിയമം വന്നു. അന്ന് രോഹിന്‍ഗ്യകള്‍ക്ക് നല്‍കപ്പെട്ടത് ഫോറിന്‍ ഐഡന്റിറ്റി കാര്‍ഡാണ്. അതായത് നാട്ടിലെ പൗരനല്ല എന്നതിന്റെ ഒന്നാന്തരം അടയാളം. അതോടെ അവരുടെ അവകാശങ്ങളെല്ലാം പരിമിതപ്പെട്ടു. പഠിക്കാനും തൊഴിലെടുക്കാനും നിയന്ത്രണങ്ങളായി. മുഖ്യധാരയില്‍ തുല്യവളര്‍ച്ച നേടി മുന്നേറിയിരുന്ന റോഹിന്‍ഗ്യകള്‍ ക്രമേണ വികസന വീഥിയില്‍ ഓരം ചേര്‍ന്ന് നില്‍ക്കേണ്ടിവന്നു.

പുതിയൊരു പൗരത്വനിയമം 1982 ല്‍ കൊണ്ടുവന്നു. പൗരത്വത്തിന് മുന്ന് തട്ടുകളുണ്ടായി. തനി പൗരന്‍ എന്ന അടിസ്ഥാന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അപേക്ഷകന്റെ കുടുംബം 1948ന് മുമ്പ് മ്യാന്മറില്‍ താമസിച്ചിരുന്നു എന്നതിന് തെളിവ് വേണമെന്നും രാജ്യത്തെ ഒരു ദേശീയ ഭാഷയില്‍ പ്രാവീണ്യം വേണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്തു. റോഹിംഗ്യരുടെ പക്കലുണ്ടായിരുന്നത് 1962ല്‍ ലഭിച്ച ഫോറിന്‍ ഐഡന്റിറ്റി കാര്‍ഡുകളായിരുന്നു. ഇതോടെ റോഹിംഗ്യര്‍ ശരിക്കും പൗരന്മാരല്ലാതായി. പ്രജകള്‍ക്കുള്ള സാധാരണ അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. സമൂഹം അവരെ രണ്ടാംകിട പൗരന്മാരായി മാറ്റിനിര്‍ത്തി.

പൊതു സൗകര്യങ്ങളെല്ലാം അവര്‍ക്ക് വിലക്കപ്പെട്ടു. പൊതുശൗചാലയങ്ങള്‍, ആശുപത്രികള്‍, വാഹനങ്ങള്‍ എല്ലാം. വിവാഹം കഴിക്കുന്നതു പോലും നിയമപരമായി അംഗീകാരമില്ലാത്ത കുറ്റമായി. സ്വന്തം മതത്തില്‍ വിശ്വാസമുണ്ടെന്ന് പറയാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതായി. ഡോക്ടര്‍, എന്‍ജിനീയര്‍, നഴ്‌സ്, ടീച്ചര്‍ തുടങ്ങിയ പ്രൊഫഷനല്‍ ജോലികളൊന്നും പഠിക്കാന്‍ പാടില്ല. വോട്ടവകാശം അവര്‍ക്ക് പണ്ടേയില്ല. രാഷ്ട്രീയാഭിപ്രായം പറയരുത്. വ്യാപാരശാല നടത്തരുത്. ഓഫീസുകളൊന്നും തുടങ്ങരുത്. അവിടങ്ങളില്‍ തൊഴിലാളിയാകാം. ‘ന്യൂട്രല്‍’ ആണോ എന്ന് ഇടക്കിടെ പട്ടാളം അന്വേഷിച്ചുകൊണ്ടിരിക്കും.

സത്യത്തില്‍ റോഹിന്‍ഗ്യകള്‍ ബര്‍മയിലെ ആദിമ സമൂഹത്തില്‍ പെട്ടവരാണ്. പുരാരേഖകളുടെ പിന്‍ബലം ഇനിയും ലഭ്യമായിട്ടില്ലെങ്കിലും ബി സി 3000 മുതല്‍ അറാക്കന്‍ ദേശത്ത് റാഖൈന്‍ വിഭാഗം ജീവിച്ചിരുന്നതായി ബര്‍മീസ് ദേശീയ വാദികള്‍ അവകാശപ്പെടുന്നു. നാലാം നൂറ്റാണ്ടോടെ ഇന്ത്യന്‍ മേഖലയിലെ പുരാതന രാജ്യമായി അരാക്കന്‍ വളര്‍ന്നിരുന്നു. ധന്യവാഡിയാണ് ആദ്യത്തെ അറാക്കന്‍ സംസ്ഥാനം. അറാക്കന്‍ ഭരണ സ്വരൂപങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഇന്ത്യക്കാരുടെ സാമര്‍ഥ്യം കൊണ്ടാണെന്ന് സംസ്‌കൃത ഗ്രന്ഥങ്ങള്‍ അടയാളപ്പെടുത്തുന്നു.
ചന്ദ്രവംശമാണ് ആദ്യം അറാക്കന്‍ ഭരണം നിര്‍വഹിച്ചത്. പത്താം നൂറ്റാണ്ടിന്റെ അവസാന പാദം വരെ അറാക്കന്‍ പ്രവശ്യയില്‍ ബര്‍മീസ് വിഭാഗം അധിവസിച്ചതിന് രേഖയില്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ഡാനിയേല്‍ ജോര്‍ജ് അഡ്വേര്‍ഡ് ഹാള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി അവിടെ ഇസ്‌ലാമിന്റെ സന്ദേശമെത്തിയതായി കാണാം.

ബര്‍മയില്‍ പെട്ട ഗോത്രവര്‍ഗമാണ് രാഖൈന്‍ വിഭാഗമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രമേണ ഇവരാണ് റോഗിന്‍ഗ്യര്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, പത്താം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് ബര്‍മയില്‍ അറാക്കന്‍ മലനിരകളിറങ്ങി ബുദ്ധസമൂഹം എത്തിയത്. ഇന്ത്യയിലെ മുഗള്‍ഭരണാധികാരികളുടെ അധീശത്വം അംഗീകരിച്ച് ചെറുനാടുവാഴികളായി അധികാര മധുരം നുകര്‍ന്നവരാണവര്‍. ചുരുക്കത്തില്‍ ബര്‍മയില്‍ ബുദ്ധരെക്കാള്‍ മുമ്പേ ഉദയം ചെയ്ത ആദിമ സമൂഹമാണ് റോഹിന്‍ഗ്യര്‍. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചുരമിറങ്ങിവന്നവര്‍, കാലാന്തരത്തില്‍ അധികാരം കൈയടക്കുകയും അവരല്ലാത്തവരോ അവരുടെ വിശ്വാസാചാരങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവരോ ആയ എല്ലാവരെയും നാട് കടത്തുകയും ചെയ്യുന്നു എന്നാണ് ലോകസമൂഹം ഉന്നയിക്കുന്ന ആരോപണം.

ഈ ആരോപണത്തിനുമുണ്ട് പതിറ്റാണ്ടുകളുടെ പഴക്കം. റോഹിന്‍ഗ്യരെ ഉന്മൂലനം ചെയ്യല്‍ ദീര്‍ഘകാലത്തെ ആസൂത്രണത്തിലൂടെ സൈന്യം വിദഗ്ധമായി നിര്‍വഹിച്ചുവരുന്ന പ്രക്രിയയാണ്. 1948ലെ അറാക്കന്‍ കൂട്ടക്കൊലയും 2012ലെ റാഖിനെ സംസ്ഥാന കലാപവും 2013ലെ മുസ്‌ലിം വിരുദ്ധ ലഹളയും 2016 മുതല്‍ ഇപ്പോഴും തുടരുന്നു. പട്ടാള നരനായാട്ടും ഈ ലക്ഷ്യസാധ്യത്തിനായുള്ള നടപടികളാണ്. പ്രശ്‌നപരിഹാരത്തിന് തൊലിപ്പുറത്തെ ചികിത്സ ഫലം കാണില്ല. സൈന്യത്തില്‍ നിന്ന് അധികാരത്തിന്റെ നേതൃസ്ഥാനം മാത്രമാണ് കൈമാറിയിട്ടുള്ളത്.
മ്യാന്മറിന്റെ ഭരണത്തില്‍ ഇന്നും സൈന്യത്തിന് നിര്‍ണായക പങ്കാണ് ഉള്ളത്. ദേശീയ സംസ്ഥാന നിയമസഭകളില്‍ 25 ശതമാനം സീറ്റ് സൈന്യത്തിനുള്ളതാണ്. ഇവിടേക്ക് വരുന്നവരെ ജനം തിരഞ്ഞെടുക്കുന്നില്ല. പകരം സൈന്യാധിപന്‍ നോമിനേറ്റ് ചെയ്യുകയാണ്. പ്രതിരോധം, ആഭ്യന്തരം, അതിര്‍ത്തി രക്ഷ തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകളിലും സൈന്യത്തിന് മാത്രമേ ഭരണം നിര്‍വഹിക്കാന്‍ അവകാശമുള്ളൂ. അതാകട്ടെ, നിലവില്‍ സര്‍വീസിലിരിക്കുന്ന പട്ടാളക്കാരായിരിക്കുകയും വേണം. ഇതാണ് പ്രശ്‌നപരിഹാരം അകലെയാക്കുന്നത്. ശരിക്കും ഒരു ഭരണഘടനാ ഭേദഗതിയിലൂടെയുള്ള ജനാധിപത്യവത്കരണമാണ് ആവശ്യം.

സൈന്യം എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കാനല്ലാതെ ലോകസമൂഹത്തോട് ഉരിയാടാന്‍ സൂകിക്ക് ആകില്ല. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്. ഒരു നിമിഷത്തിന് ഒരു ദിനത്തെയും ഒരു ദിനത്തിന് ഒരു ജീവിതത്തെയും ഒരു ജീവിതത്തിന് ലോകത്തെ തന്നെയും മാറ്റാന്‍ കഴിയുമെന്ന ബുദ്ധന്റെ അധ്യാപനം അവര്‍ ചെവികൊള്ളണം. അതിന് അവരെ പ്രേരിപ്പിക്കാന്‍ മ്യാന്മര്‍ അംഗമായ ആസിയാന്‍ രാജ്യങ്ങള്‍ക്കും ആംനസ്റ്റി ഇന്റര്‍നാഷനലിനും മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കും ഐക്യരാഷ്ട്രസഭക്കും കഴിയുമെന്നാശിക്കാം.