വിലക്കേര്‍പ്പെടുത്തിയ മൂന്ന് മെഡി. കോളജുകളില്‍ പ്രവേശനത്തിന് അനുമതി

Posted on: September 22, 2017 11:33 pm | Last updated: September 22, 2017 at 11:33 pm

മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി. അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) വിലക്കേര്‍പ്പെടുത്തിയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. വയനാട് ഡി എം കോളജ്, അടൂര്‍ മൗണ്ട് സിയോന്‍, തൊടുപുഴ അല്‍ അസ്ഹര്‍ എന്നീ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി അംഗീകരിച്ചത്.

ഈ കോളജുകളില്‍ എം ബി ബി എസ് പ്രവേശനത്തിന് നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് പ്രവേശനം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെയും ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്നലെ വാക്കാലുള്ള അനുമതി മാത്രമാണ് നല്‍കിയത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാകും.

സ്ഥാപനങ്ങളിലെ അസൗകര്യങ്ങള്‍ ഗൗരവമുള്ളതല്ലാതിരിക്കെ, ചെറിയ പിഴവുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. സ്വകാര്യ മാനേജ്മെന്റുകളും മെഡിക്കല്‍ കൗണ്‍സിലും തമ്മിലുള്ള തര്‍ക്കം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തോളം കുറവും അടിസ്ഥാനസൗകര്യങ്ങളില്‍ അപര്യാപ്തതകളും ഉള്ളതിനാല്‍ പുതിയ ബാച്ചിന് പ്രവേശന അനുമതി നല്‍കുന്നത് മെഡിക്കല്‍ പഠനത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് എം സി ഐ വാദിച്ചു. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് പ്രവേശനം റദ്ദാക്കാന്‍ മാത്രം ഗൗരവമുള്ളതാണോയെന്ന് കോടതി ആരാഞ്ഞു.