പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ

Posted on: September 22, 2017 4:12 pm | Last updated: September 22, 2017 at 7:47 pm

സിയോള്‍: പസഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതായി ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റിയോംഗ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവ് ആണ് കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും പരീക്ഷണത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും റിയോംഗ് ഹോ പറഞ്ഞു. ഈ മാസം ആദ്യം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അത്. ഉത്തരകൊറിയക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതിനിടെ, ഭാന്ത് പിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ് എന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പറഞ്ഞു.
ട്രംപിന്റെ ആക്രോശങ്ങളെ പട്ടി കുരക്കുന്നതിന് തുല്ല്യമായാണ് കാണുന്നതെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അമേരിക്കയേയോ സഖ്യരാജ്യങ്ങളേയോ സൈനികമായി നേരിടുകയാണെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.