Connect with us

Kerala

കാലിക്കറ്റിന് കീഴിലെ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും സ്ഥിരം അംഗീകാരത്തിന് സ്റ്റാറ്റിയൂട്ട് ഭേദഗതി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലകളിലും ലക്ഷദ്വീപിലുമായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും സ്ഥിരാംഗീകാരം നല്‍കുന്ന വിധത്തിലുള്ള സ്റ്റാറ്റിയൂട്ട് ഭേദഗതിക്ക് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം. സര്‍വകലാശാല സ്റ്റാറ്റിയൂട്ടിലെ 23ാം ചാപ്റ്ററിലാണ് സമ്പൂര്‍ണ ഭേദഗതി വരുത്തിയത്.

ആറ് തവണ സിന്‍ഡിക്കേറ്റ് ഉപസമിതിയും അഞ്ച് തവണ സിന്‍ഡിക്കേറ്റും സെനറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങളും ചര്‍ച്ച ചെയ്താണ് 23ാം ചാപ്റ്ററില്‍ അഫിലിയേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ചെയര്‍മാന്‍ ഡോ. പി എം സ്വലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള ഉപസമിതി സമ്പൂര്‍ണ ഭേഭദഗതി നടപ്പാക്കിയത്. ഭേദഗതി പ്രകാരം അഞ്ച് വര്‍ഷം തുടര്‍ന്ന കോഴ്‌സുകള്‍ക്ക് സര്‍വകലാശാല സ്ഥിര അംഗീകാരം നല്‍കും. സിന്‍ഡിക്കേറ്റ് ഉപമിതി പരിശോധന നടത്തിയ ശേഷമായിരിക്കുമിത്. എന്നാല്‍, അഞ്ച് വര്‍ഷം തുടര്‍ന്ന കോഴ്‌സുകള്‍ നടത്തുന്നിടത്ത് കോളജ് തുടങ്ങാന്‍ സര്‍വകലാശാല അനുശാസിക്കുന്ന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.
75 ശതമാനം അധ്യാപകര്‍ സ്ഥിര നിയമിതരായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. അഞ്ചു വര്‍ഷം തികയുമ്പോള്‍ അംഗീകാരം പുതുക്കുകയും വേണം. സര്‍വകലാശാല നിലവില്‍ കോഴ്‌സുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കുന്നത്. ഭേദഗതി നടപ്പായാല്‍ കോളജുകള്‍ക്കും വൈസ് ചാന്‍സലര്‍ ഒപ്പിട്ട പ്രത്യേക അംഗീകാര സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇതോടെ, യു ജി സിയുടെ സാമ്പത്തിക സഹായം അംഗീകൃത കോളജുകള്‍ക്കും ലഭ്യമാകും. എന്നാല്‍, അണ്‍ എയ്ഡഡ് കോളജുകള്‍ക്ക് ഭേദഗതി ബാധകമാകില്ല.
സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അണ്‍ എയ്ഡഡ് കോളജുകളെ ഒഴിവാക്കിയത്. ഭേദഗതി നടപ്പാക്കുന്നതോടെ ഒരു കോഴ്‌സിന് മാത്രം അംഗീകാരം ലഭിക്കണമെങ്കില്‍ 10 ലക്ഷം രൂപയുടെ സാമ്പത്തിക ശേഷിയുണ്ടെന്ന് മാനേജ്‌മെന്റ് സര്‍വകലാശാലയെ ഗ്യാരണ്ടി എന്ന നിലയില്‍ രേഖാമൂലം ബോധ്യപ്പെടുത്തേണ്ടിയും വരും.

കോളജ് കൗണ്‍സിലിലേക്ക് അനധ്യാപക പ്രതിനിധിയായി ഓഫീസ് സൂപ്രണ്ടിനെ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു ഭേദഗതി. സര്‍വകലാശാലയുടെ മുന്‍കൂര്‍ അനുമതിയോടെ മാനേജ്‌മെന്റുകള്‍ക്ക് കോളജുകളുടെ ഉടമസ്ഥാവകാശം കൈമാറാനും ഭേദഗതിയുണ്ട്. 2009 ലെയും 2012 ലെയും യു ജി സി അഫിലിയേഷന്‍ ഗൈഡ്‌ലൈന്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഭേദഗതി.
സര്‍ക്കാര്‍ രജിസ്‌ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് എന്നിവക്ക് മാത്രമേ കോളജുകള്‍ തുടങ്ങാനാകൂ. പുതിയ കോളജോ, കോഴ്‌സോ തുടങ്ങുന്നതിന് സര്‍ക്കാര്‍ എന്‍ ഒ സിയും ഭരണാനുമതിയും നിര്‍ബന്ധമാകും. ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പി ജി കോഴ്‌സുകള്‍ അനുവദിക്കൂ. ഇതൊക്കെയാണ് ഭേദഗതിയിലൂടെ സംഭവിക്കാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍.
സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയ ഭേദഗതി സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയോടെ സെനറ്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. അതിനായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ സമ്പൂര്‍ണ സ്റ്റാറ്റിയൂട്ട് േദഗതി നടപ്പാക്കുന്നത്.