റോഹിംഗ്യകള്‍ക്ക് പിന്തുണയുമായി അമേരിക്ക

Posted on: September 22, 2017 12:20 am | Last updated: September 22, 2017 at 12:04 am
അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍

വാഷിംഗ്ടണ്‍: റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റകരമായ മൗനം വെടിഞ്ഞ് അമേരിക്ക. റാഖിനെയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യു എന്നിന്റെ ഭാഗത്ത് നിന്ന് ശക്തമായതും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റോഹിംഗ്യന്‍ വിഷയത്തില്‍ യു എന്‍ രക്ഷാസമിതിയില്‍ നടന്ന യോഗത്തിനിടെ മ്യാന്മര്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശമാണ് അമേരിക്ക നടത്തിയത്. പൈശാചികമായ ആക്രമണങ്ങള്‍, ഗ്രാമങ്ങള്‍ക്ക് തീവെക്കുക, റോഹിംഗ്യകളെ ആട്ടിപുറത്താക്കുകയെന്നീ കൊടുംക്രൂരതകളാണ് മ്യാന്‍മര്‍ സൈന്യം നടത്തുന്നതെന്ന ഗുരുതരമായ ആരോപണവുമായി വൈസ് പ്രസിഡന്റ് മൈക് പെന്‍സും രംഗത്തെത്തി. റാഖിനെ വിഷയത്തില്‍ യു എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരാമര്‍ശങ്ങളെ അടിവരയിട്ടാണ് പെന്‍സ് പ്രസ്താവന നടത്തിയത്.

റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആംഗ് സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് പിന്തുണയുമായി ഇന്ത്യയും ചൈനയും രംഗത്തെത്തിയതിന് പിന്നാലെയാണ് അഭയാര്‍ഥി വിഷയത്തില്‍ മനുഷ്യാവകാശവിരുദ്ധ നിലപാട് സ്വീകരിച്ച യു എസ് പ്രസിഡന്റിന്റെ വിചിത്രമായ പ്രസ്താവന. ഉത്തര കൊറിയന്‍ വിഷയത്തില്‍ യു എസ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച ചൈനയെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്കയുടെ റോഹിംഗ്യന്‍ അനുകൂല നിലപാടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് 25 മുതല്‍ ആരംഭിച്ച റോഹിംഗ്യന്‍ വംശഹത്യക്ക് ശേഷം ഇത് രണ്ടാം തവണയാണ് യു എന്‍ രക്ഷാസമിതി സമ്മേളിക്കുന്നത്. മ്യാന്മറിനെതിരായ ഉപരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഈ വിഷയത്തില്‍ കാര്യമായ നടപടികളൊന്നും യു എന്നിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല.

റോഹിംഗ്യന്‍ വിഷയത്തെ കുറിച്ച് സംസാരിക്കാതെ തന്നെ അവഗണിച്ച ഡൊണാള്‍ഡ് ട്രംപിന്റെ സഹായം വേണ്ടായെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുന്നതിനിടെ വിവിധ ലോക നേതാക്കള്‍ മ്യാന്മര്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. മ്യാന്മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി.
അതേസമയം, റാഖിനെയിലെ സ്ഥിതിഗതികള്‍ പുരോഗമിച്ചിട്ടുണ്ടെന്നും ഈ മാസം അഞ്ചിന് ശേഷം അവിടെ അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറിയിട്ടില്ലെന്നും മ്യാന്മര്‍ വൈസ് പ്രസിഡന്റ് ഹെന്റി തിയോ യു എന്നില്‍ വ്യക്തമാക്കി. എന്നാല്‍ റോഹിംഗ്യകള്‍ എന്ന പദം പ്രയോഗിക്കാതെ മുസ്‌ലിംകള്‍ എന്ന് മാത്രാണ് റാഖിനെയിലെ ഇരകളെ തിയോ വിശേഷിപ്പിച്ചത്.
നാല് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടപ്പലായനത്തിനും നൂറ് കണക്കിനാളുകളുടെ കൊലപാതകത്തിനും കാരണമായ റാഖിനെ വംശഹത്യയില്‍ ദൂരവ്യാപകമായ നാശനഷ്ടമാണ് വടക്കന്‍ റാഖിനെയിലുണ്ടായത്. ആയിരക്കണക്കിന് റോഹിംഗ്യകളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

റോഹിംഗ്യന്‍ മുസ്‌ലിംകളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത മ്യാന്മര്‍ സര്‍ക്കാറും ബുദ്ധതീവ്രവാദി സംഘടനകളും റാഖിനെയിലേക്കുള്ള മനുഷ്യാവകാശ, സന്നദ്ധ സംഘങ്ങളെ തടയാറുണ്ട്. റോഹിംഗ്യന്‍ മുസ്‌ലിംകളെയും അവര്‍ക്ക് പിന്തുണയോ സഹായമോ നല്‍കുന്നവരെയും ആക്രമിക്കാനുള്ള നീക്കമാണ് തീവ്രവാദി സംഘടനകള്‍ ചെയ്യുന്നത്. ഇതിന് മ്യാന്മര്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.