കോളജ് മേധാവികള്‍ക്കും ‘പൊയച്ചില്!’

Posted on: September 22, 2017 6:03 am | Last updated: September 21, 2017 at 11:57 pm

നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പ്രഥമ വാര്‍ഷിക മാഗസിന് വിലക്കേര്‍പ്പെടുത്തിയ അധികൃതരുടെ നടപടി വിവാദമായിരിക്കയാണ്. മാഗസിനിലെ ചില ലേഖനങ്ങളും സൃഷ്ടികളും സംഘ്പരിവാര്‍, ഫാസിസ്റ്റ് വിരുദ്ധവുമാണെന്നതാണത്രേ ‘ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചില്’എന്ന പേരില്‍ എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ് സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ മാഗസിന്റെ വിലക്കിന് കാരണം. ബീഫ്, ദളിതന്‍, പാക്കിസ്ഥാന്‍, സോഷ്യലിസ്റ്റ് എന്നീ പ്രയോഗങ്ങളും പശു കൊലപാതകങ്ങള്‍ക്കെതിരെയുള്ള ലേഖനങ്ങളും മാഗസിനില്‍ നിന്ന് വെട്ടിമാറ്റണമെന്നും ഫാസിസ്റ്റ് വിരുദ്ധ ചോദ്യങ്ങളുള്ളതിനാല്‍ വി ടി ബല്‍റാമിന്റെ അഭിമുഖം പൂര്‍ണമായും ഒഴിവാക്കണമെന്നും പ്രിന്‍സിപ്പലും സ്റ്റാഫ് എഡിറ്ററും ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു. ബീഫിന് പകരം ഭക്ഷണമെന്നാക്കാനും ദളിതന്‍ എന്നത് സഹോദരന്‍ എന്ന് പ്രയോഗിക്കാനുമാണ് നിര്‍ദേശം.ഫാസിസത്തെ തുണക്കുന്ന അധികൃതരുടെ ഈ നിലപാടിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരത്തിലാണ്.

കഴിഞ്ഞ വര്‍ഷം പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ‘വൈഡര്‍ സ്റ്റാന്‍ഡ് ‘എന്ന കോളജ് മാഗസിനും നേരിടേണ്ടി വന്നിരുന്നു സമാനമായ വിലക്ക്. പ്രശ്‌നത്തില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇടപെടുകയും വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാഗസിന്റെ പുറം ചട്ടയില്‍ ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച ഫലസ്തീനിലെ ബബീഹ എന്ന സ്ത്രീയുടെയും ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും ചിത്രം നല്‍കുകയും ക്യാംപസുകളുടെ കാവിവത്കരണത്തെ സംബന്ധിച്ച ലേഖനം ഉള്‍ക്കൊള്ളിക്കുകയും ചെയ്തതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരു മാറ്റവും വരുത്താതെ മാഗസിന് ഏര്‍പ്പെടുത്തിയ വിലക്ക് പോണ്ടിച്ചേരി സര്‍വകലാശാല അധികൃതര്‍ പിന്‍വലിച്ചു. പ്രകാശന ദിവസം തന്നെ അച്ചടിച്ച ഏഴായിരം പ്രതികളും വിറ്റഴിഞ്ഞു.
മതേതര ജനാധിപത്യ ഇന്ത്യക്കും പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇന്ത്യന്‍ ഭരണ ഘടനക്ക് തന്നെയും കനത്ത ഭീഷണിയായി മാറിയിരിക്കയാണ് സംഘ്പരിവാരവും ബി ജെ പിയും.

ഭരണഘടനയുടെയും അത് വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളുടെയും വേരറുത്തു കൊണ്ടിരിക്കയാണ് ബി ജെ പിയും സംഘ്പരിവാറും. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തഃസത്തയെങ്കില്‍ ഫാസിസം എക്കാലവും വിയോജിപ്പുകളെ ഭയപ്പെട്ടിട്ടേയുള്ളൂ. കലാലയങ്ങളില്‍ കാവിഗുണ്ടകളെ നിയോഗിച്ചും പാഠപുസ്തകങ്ങളില്‍ മിത്തുകളും പച്ചക്കള്ളങ്ങളും കുത്തിനിറച്ചും അവര്‍ വിദ്യാര്‍ഥി ലോകത്ത് അധിനിവേശം നടത്തുകയാണ്. സാഹിത്യകാരന്മാര്‍ എന്തെഴുതണമെന്നും പ്രസംഗകര്‍ എന്ത് പറയണമെന്നും പൗരന്മാര്‍ എന്ത് ഭക്ഷിക്കണമെന്നും ഗായകര്‍ എന്ത് പാടണമെന്നും വിദ്യാര്‍ഥികള്‍ എന്ത് പഠിക്കണമെന്നും തീരുമാനിക്കുന്നത് ‘സംഘി’കളാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിന് സഹായകമാകുന്ന വിധത്തില്‍ വരുതിയില്‍ കൊണ്ടുവരാനാണ് അവരുടെ ശ്രമം. ചരിത്രത്തില്‍ തിരിമറി നടത്തുകയും പാഠ്യപദ്ധതിയില്‍ ഫാസിസം തിരുകിക്കയറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നവര്‍ സംസ്‌കാരത്തിലും ആചാരത്തിലും തങ്ങളുടെ ഇംഗിതം അനുസരിക്കണമെന്ന് ശഠിക്കുന്നു.

ഫാസിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിലും മാനവ പക്ഷത്തുള്ള സമരങ്ങളെ തുണക്കുന്നതിലും വര്‍ത്തമാനകാല രാഷ്ട്രീയം രുപപ്പെടുത്തുന്നതിലും ക്യാമ്പസുകള്‍ക്ക് വലിയ പങ്കാണുള്ളത്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ ഫാസിസത്തിന്റെ പരോക്ഷ സാന്നിധ്യത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതില്‍ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പൂര്‍വോപരി ജാഗ്രത്താണിന്ന്. അതുകൊണ്ടാണ് സംഘ്പരിവാര്‍ ക്യാമ്പസുകളില്‍ ശ്രദ്ധയൂന്നുന്നതും കലാലയങ്ങളില്‍ ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍, ഉത്തരേന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് വിഭിന്നമായി മതേതര ശക്തികള്‍ക്ക് മേധാവിത്വമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കോളജില്‍ സംഘ്പരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമാത്രമേ സംസാരിക്കുകയും എഴുതുകയും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്യാവൂ എന്ന് കോളജ് അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുന്നത് ആശങ്കാജനകമാണ്.

ഓരോ തലമുറയും അവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് അതാത് കാലഘട്ടത്തെ ആവിഷ്‌കരിക. ഇന്നിന്റെ ഇന്ത്യന്‍ സാഹചര്യങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ ബീഫും ആള്‍ക്കൂട്ട ഭീകരതയും ദളിത് പ്രശ്‌നങ്ങളും മാറ്റി നിര്‍ത്തുക സാധ്യമല്ല. ചുറ്റുമുള്ള അവസ്ഥകളോടും ഫാസിസ്റ്റ് ഭീകരതയോടും സര്‍ഗാത്മകമായി പ്രതികരിക്കേണ്ട ബാധ്യത ക്യാമ്പസുകള്‍ക്കുണ്ട്. മാഗസിന് വിലക്കേര്‍പ്പെടുത്തിയ നിലപാടിനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ മതേതര ജനാധിപത്യ കേരളം ഒന്നടങ്കം പങ്ക് ചേരേണ്ടതുണ്ട്.