Articles
ഇസ്ലാമിക് കലണ്ടര്‍ ഏകോപനത്തിന്റെ പ്രസക്തി
പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ആഘോഷാനുഷ്ഠാനങ്ങള് നിശ്ചയിക്കാനും കലണ്ടര്‍ അത്യന്താപേക്ഷിതമാണ്. മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും ഇറക്കുന്ന കലണ്ടറുകള്‍ പലതും വ്യതിരിക്തമാണ്. ഹിജ്റ മാസത്തിലെ ദിവസങ്ങളില്‍ ഏകോപനം കാണുന്നില്ല. നിസ്കാര സമയത്തിലും യോജിപ്പില്ല.
പൂര്‍വസൂരികള്‍ ഹിജ്റ കലണ്ടറിന് ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള അജ്ഞതയോ അവഗണനയോ കാരണം പലതും ഈ ചാനലില്‍ നിന്ന് തെന്നിപ്പോകുന്നു. ചിലര്‍ മാനത്തു ചന്ദ്രന് ദൃശ്യമാകുന്ന സമയം (duration) നോക്കി കലണ്ടറുണ്ടാക്കുന്നു. രണ്ടായാലും യഥാര്‍ഥ മാസവുമായി (29ന് മാസം കാണുക അല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കുന്ന രീതി) ചിലപ്പോള്‍ വിത്യാസം വരുന്നു. അതിനാല്‍ സാങ്കേതിക കലണ്ടര്‍ മേല്ക്രമം പാലിച്ച് ഏകോപിപ്പിക്കാന്‍ ശ്രമിക്കലാണ് അഭികാമ്യം.
മറ്റു വിഷയങ്ങളില്‍ എന്ന പോലെ കലണ്ടറിലും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു മാസത്തില്‍ ചന്ദ്രന്റെ കറക്കം 29 ദിവസവും 12 മണിക്കൂറും 44 മിനിട്ടും 02.78 സെക്കന്റുമാണ്. ഇതിനെ 12 കൊണ്ട് ഗുണിച്ചാല്‍ “354 ദിവസം 8 മണിക്കൂര്‍ 48 മിനുട്ട് 33.36 സെക്കന്റ്” എന്ന് കിട്ടും. ഈ എട്ട് മണിക്കൂര്‍ മൂന്ന് വര്‍ഷമാകുമ്പോള്‍ ഒരു ദിവസമാകുകയും ആ വര്‍ഷം 355 ദിവസമുണ്ടാകുകയും ചെയ്യും. 48 മിനുട്ട് 10 വര്‍ഷമായാല്‍ 8 മണിക്കൂറാകും. അതിനെ 11 ാം വര്‍ഷത്തിലേക്ക് ചേര്‍ത്ത് അധി വര്‍ഷം(355 ദിവസം)മാക്കും. ഈ രൂപത്തില്‍ കൃത്യമായി ക്രമീകരിച്ചതാണ് ഹിജ്റ കലണ്ടര്‍. ഇത് കൃത്യമാണെന്ന് ചന്ദ്രന്റെ നാളിതു വരെയുള്ള വാര്‍ഷിക ചലനത്തില്‍ നിന്ന് ബോധ്യപ്പെട്ടതാണ്. ഒരു ദിവസം പോലും ഇതില്‍ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ജൂലിയന്‍ കലണ്ടര്‍ ഗ്രിഗേറിയനാക്കിയപ്പോള് ഇത് വരെ പതിമൂന്ന് കുറച്ചിട്ടുണ്ട്.
ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്നവര്‍ക്കും ഇസ്ലാമിക വിശേഷ ദിവസങ്ങളറിയലും ഹജ്ജ്,നോമ്പ് പോലുള്ള കാര്യങ്ങള്‍ അനുഷ്ഠിക്കലും ബാധ്യതയാണ്. ഇതില്‍ കണക്ക് കൂട്ടാന്‍ അറിയുന്നവരും അല്ലാത്തവരും സമന്മാരാണ്. ഇത് കൊണ്ടാണ് ഇസ്ലാം നിര്‍ദേശം നല്‍കിയത്, നിങ്ങള്‍ ചന്ദ്ര പിറവി ദൃശ്യമായാല്‍ നോമ്പനുഷ്ഠിക്കുക ചന്ദ്ര പിറവി കണ്ടാല്‍ നോമ്പ് മുറിച്ചു പെരുന്നാള്‍ ആഘോഷിക്കുക. ഇത് എല്ലാവര്ക്കും വ്യക്തമായി നിഷ്പ്രയാസം മനസ്സിലാക്കാവുന്ന ഒരു ഫോര്‍മുലയാണ്.
മത നിയമമായതിനാല്‍ കണക്കറിയുന്നവര്ക്കും ഈ തത്വം സ്വീകരിക്കാനേ വകുപ്പുള്ളൂ. ഇതിനാല്‍ താത്കാലികമായി ചിലമാസങ്ങളില്‍ ഒന്നോ രണ്ടോ ദിവസം വ്യത്യാസപ്പെട്ടാലും അവസാനം മേല്‍ പറഞ്ഞ കണക്കിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇത് രണ്ടും പൂര്‍ണമായി യോജിപ്പിക്കാനുള്ള വഴികളൊന്നുമില്ല.
എല്ലാ രാജ്യത്തും ഇസ്ലാമിക കലണ്ടര്‍ ഓരോ വര്‍ഷവും ഇറക്കുന്നുണ്ട്. ഇങ്ങനെ കലണ്ടര്‍ ഇറക്കണമെങ്കില്‍ വ്യക്തമായ നിബന്ധനകള്‍ നിര്‍ബന്ധമാണ്. അതിപ്രകാരമാണ്.
മാസ ക്രമം: ഒരു ചാന്ദ്രിക മാസം 29 ദിവസവും 12 മണിക്കൂറും 44 മിനുട്ടും 2.78 സെക്കന്റുമാണ്. 29 1/2 യേക്കാള്‍ കൂടുതലുള്ളത് കൊണ്ട് ഒന്നാം മാസത്തേക്ക് രണ്ടാം മാസത്തിലെ അരയെ ചേര്‍ത്തി 30 ആക്കി, രണ്ടാം മാസം 29 ആയും പരിഗണിച്ചു. മൂന്നാം മാസം 30, നാലാം മാസം 29 ഈ ക്രമത്തില്‍ 12 മാസവും ക്രമപ്പെടുത്തി അധി വര്‍ഷത്തില്‍ ദുല്‍ ഹിജ്ജ 30 ആയും കണക്കാക്കുന്നു. നിബന്ധനകള്‍ എല്ലാ സ്ഥലത്തും ഒരു പോലെയാണ്. ഇത് പ്രകാരം ലോകത്തുള്ള മുഴുവന്‍ ഹിജ്റ കലണ്ടറുകളും ഒന്നായിരിക്കണം.
1439 ലെ കലണ്ടര്‍ ഇറക്കുന്നവര്‍ ശ്രദ്ധിക്കുക. സെപ്തംബര്‍ 22 വെള്ളിയാണ് മുഹര്‍റം 1. സാങ്കേതിക ഹിജ്റ കലണ്ടര്‍ ക്രമം ഇപ്രകാരമാണ്: മുഹര്‍റം 30, സ്വഫര്‍ 29, റബീഉല്‍ അവ്വല്‍ 30, റബീഉല്‍ ആഖിര്‍ 29,ജുമാദല്‍ ഊല 30, ജുമാദല്‍ ആഖിറ 29, റജബ് 30, ശഅ്ബാന്‍ 29, റമസാന്‍ 30, ശവ്വാല്‍ 29, ദുല്‍ ഖഅദ:30, ദുല്‍ ഹിജ്ജ 30,(2018 sept.11). 1439 അതിവര്‍ഷമാണ്
മതപരമായ എഴുത്തുകുത്തുകള്‍, ഇടപാടുകള്‍, ആണ്ടുകള്‍, ശമ്പള സ്കെയില്‍, വിവാഹ ലെറ്ററുകള്‍ നോട്ടീസുകള്‍, പോസ്റ്ററുകള്‍, ഹാജര്‍ പട്ടികകള്‍ തുടങ്ങിയവയിലെല്ലാം ഹിജ്രി തിയ്യതികള്‍ ഉപയോഗിക്കുക. കലണ്ടറുകള്‍ ഏകോപിപ്പിക്കുക. വ്യത്യാസം കൂടുന്നതിനനുസരിച്ച് വിശ്വാസവും ബലഹീനമാകും. സ്ഥായിയായതിലെ ഉറപ്പ് വരികയുള്ളൂ. സഹൃദയര്‍ക്ക് നവ വത്സരാശംസകള്‍.