മെഡിക്കല്‍ കോളജ് കോഴ: മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍

 
Posted on: September 21, 2017 3:33 pm | Last updated: September 21, 2017 at 10:00 pm

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജിന് അംഗീകാരം നേടിക്കൊടുക്കാന്‍ കോഴവാങ്ങിയ കേസില്‍ ഒഡീഷ മുന്‍ ഹൈക്കോടതി ജഡ്ജിയടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മുന്‍ ഹൈക്കോടതി ജഡ്ജി ഇസ്‌റത് മസ്‌റൂര്‍ ഖുദ്ദുസ്സി, സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമകളായ ബിപി യാദവ്, പലാഷ് യാദവ്, ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാല്‍, ഹവാല ഇടപാടുകാരന്‍ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയാണ് ഇസ്‌റത് മസ്‌റൂര്‍ ഖുദ്ദുസ്സി.

ആവശ്യത്തിന് സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മെഡിക്കല്‍ കോളജിന് സുപ്രീം കോടതിയില്‍ നിന്ന് അംഗീകാരം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കോളജ് ഉടമകളില്‍ നിന്ന് ഖുദ്ദൂസി പണം വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ താമസ സ്ഥലത്തും മറ്റും നടത്തിയ പരിശോധനയില്‍ 1.91 കോടിയോളം രൂപ സിബിഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഡല്‍ഹി, ലക്‌നോ, ഉത്തര്‍പ്രദേശ്, ഭുവനേശ്വര്‍ തുടങ്ങിയഇടങ്ങളിലാണ് പരിശോധന നടത്തിയത്.