സിപി എം സമ്മേളനം: ഫ്‌ളക്‌സും പ്ലാസ്റ്റിക്കും ഉണ്ടാകില്ല

Posted on: September 20, 2017 11:49 pm | Last updated: September 20, 2017 at 11:49 pm

തിരുവനന്തപുരം: പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സംസ്ഥാനത്തെ എല്ലാ സമ്മേളനങ്ങളിലും ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പാര്‍ട്ടിയും ബഹുജനസംഘടനകളും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഫഌക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും, റീസൈക്കിള്‍ ചെയ്യാവുന്നതും, പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സമാഗ്രികള്‍ മാത്രം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. ഫഌക്‌സ് ബോര്‍ഡുകളും, പ്ലാസ്റ്റിക് വസ്തുക്കളും മണ്ണില്‍ അലിഞ്ഞുചേരാതെ സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥക്ക് തന്നെ ഭീഷണിയാവുകയാണ്.