Kerala
മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം: വിജിലന്‍സ് നിയമോപദേശം തേടി
തിരുവനന്തപുരം: ഭൂമികൈയേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലന്‍സ് മേധാവികൂടിയായ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണം ഉപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസംകാണാതായ 32 എണ്ണത്തില്‍ 18 ഫയലുകള്‍ തിരികെ കാര്യാലയത്തിലെത്തി. എന്നാല്‍ പൊങ്ങിയ ഫയലുകളില്‍ റിസോര്‍ട്ടിന്റെ ആധാരവും കരമടച്ച രസീറ്റുമില്ല. നഗരസഭാകാര്യാലത്തിലെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ ഇത് നടക്കില്ലെന്നാണ് ഒരു സ്വകാര്യചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.



