ഏഷ്യ വന്‍കരക്ക് മുകളില്‍ എയ്‌റോസോള്‍ സാന്നിധ്യം കൂടുന്നു

Posted on: September 20, 2017 7:48 pm | Last updated: September 20, 2017 at 7:48 pm

ബംഗളൂരു: ഏഷ്യാ വന്‍കരക്ക് മുകളില്‍ എയ്‌റോസോളിന്റെയും നൈട്രിക് ആസിഡ് ലവണങ്ങളുടെയും സാന്നിധ്യം വര്‍ധിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്.

മനുഷ്യ നിര്‍മിതവും പ്രകൃതിപരവുമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അന്തരീക്ഷവായുവില്‍ അടിയുന്ന പദാര്‍ഥങ്ങളെയാണ് എയ്‌റോസോള്‍ എന്ന് വിശേഷിപ്പിക്കുന്നത്. വാഹനമലിനീകരണം, മാലിന്യം കത്തിക്കല്‍, പൊടിക്കാറ്റ്, അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയ കാരണങ്ങളാല്‍ എയ്‌റോസോള്‍ രൂപപ്പെടും.

വായുമണ്ഡലത്തിന്റെ താഴത്തെ പടലത്തിലും (ട്രോപ്പോസ്ഫിയര്‍) അന്തരീക്ഷത്തിലെ ഊര്‍ദ്ധ്വഭാഗത്തും (സ്ട്രാറ്റോസ്ഫിയര്‍) ആണ് ഇവ കണ്ടെത്തിയത്. ഇവയുടെ സാന്നിദ്ധ്യം ഭൗമോപരിതലത്തില്‍ നിന്ന് 16.5 മുതല്‍ 18.5 കിലോമീറ്റര്‍ വരെ വ്യാപിച്ചതായി ഇസ്‌റോ-നാറ്റോ പഠനത്തില്‍ വ്യക്തമായി. എയ്‌റോസോളിന്റെ സാന്നിധ്യം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു.