Connect with us

Gulf

വ്യാജ ഭൂഗോള മാപ്പ് പിടിച്ചെടുത്തു

Published

|

Last Updated

റാസ് അല്‍ ഖൈമ: വ്യാജ ഭൂഗോള മാപ്പുകള്‍ സാമ്പത്തിക മന്ത്രാലയം പിടിച്ചെടുത്തു. ലോകരാജ്യങ്ങളെ അടയാളപ്പെടുത്തിയപ്പോള്‍ “അറേബ്യന്‍ ഗള്‍ഫ്” എന്നഭാഗത്തു മറ്റൊരു പേരിട്ടാണ് ഗ്ലോബുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എമിറേറ്റിലെ ഒരു സ്ഥാപനം വ്യാജ ഗ്ലോബുകള്‍ വിറ്റഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. അറബ് സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിച്ച ഈ വിഡിയോ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ പരിശോധന നടത്തിയത്. പത്തു വ്യാപാര സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 42 വ്യാജ ഗ്ലോബുകള്‍ പിടിച്ചെടുത്തു.

എമിറേറ്റിനു പുറത്ത് നിര്‍മിച്ചു വിപണിയില്‍ എത്തിച്ചവയാണ് ഈ ഗ്ലോബുകളെന്നു സാമ്പത്തിക മന്ത്രാലയ കാര്യാലയ തലവന്‍ ഡോ. അബ്ദുറഹിമാന്‍ അല്‍ നഖ്ബി അറിയിച്ചു. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശരിയായ നിലയില്‍ അടയാളപ്പെടുത്തിയ ഗ്ലോബുകള്‍ക്കൊപ്പമാണ് വ്യാജനും വിറ്റിരുന്നത്. അനുമതിയില്ലാത്ത വസ്തുക്കള്‍ വിറ്റതിനു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എമിറേറ്റിന്റെയും രാജ്യത്തിന്റെയും സല്‍കീര്‍ത്തിക്ക് കളങ്കം ഏല്‍പിക്കുന്നതാണ് ഉറവിടമറിയാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയെന്നും ഡോ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. മത, ദേശ വിരുദ്ധ വസ്തുക്കളും വ്യാജ ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. വില്‍പന വസ്തുക്കളിലോ മറ്റോ സംശയം തോന്നിയാല്‍ ഉടന്‍ മന്ത്രാലയ കാര്യാലയത്തില്‍ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest