മുന്‍ വിരോധം: ചൈനക്കാരനെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ടു

Posted on: September 20, 2017 5:04 pm | Last updated: September 20, 2017 at 5:04 pm

ദുബൈ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചൈനക്കാരന്റെ മൃത ദേഹം മരുഭൂമിയില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
ഇത് സംബന്ധിച്ചു ഒരു ചൈനക്കാരിയെയും മകനെയും രണ്ടു കൂട്ടാളികളെയും പോലീസ് പിടികൂടി. നാട്ടില്‍ ആരംഭിച്ച തര്‍ക്കമാണത്രെ കൊലക്ക് കാരണം. രണ്ടു മാസം മുമ്പാണ് ചൈനക്കാരനെ കാണാതായത്. ഇയാളുടെ മകന്‍ ദുബൈയില്‍ എത്തി പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്.

കൊല്ലപ്പെട്ടയാള്‍ സന്ദര്‍ശക വിസയിലാണ് ദുബൈയില്‍ എത്തിയതെന്ന് കണ്ടെത്തി. ഇയാളെ വിമാനത്താവളത്തില്‍ സ്വീകരിച്ചവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക ചുരുളഴിഞ്ഞത്. നാല് പേരാണ് സ്വീകരിച്ചത്.
ഇവര്‍ സന്ദര്‍ശകനെ മുന്‍വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രണ്ടു ദിവസം കാറില്‍ കിടത്തിയ ശേഷമാണ് മരുഭൂമിയില്‍ കുഴിച്ചിട്ടതെന്നും വ്യക്തമായി.