Connect with us

Gulf

ഷാര്‍ജ നിക്ഷേപ സംഗമത്തിന് ഉജ്വല തുടക്കം: ശൈഖ് സുല്‍ത്താന്‍ പങ്കെടുത്തു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ വിദേശ നിക്ഷേപ സംഗമത്തിന് ഉജ്വല തുടക്കം. നാലാം വ്യാവസായിക വിപ്ലവം എന്ന പേരില്‍ ഷാര്‍ജ നിക്ഷേപ, വികസന അതോറിറ്റി (ശുറൂഖ്), ഷാര്‍ജ എഫ് ഡി ഐ ഓഫീസ് എന്നിവയാണ് സംഗമം ഒരുക്കിയത്. ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. പൊതു, സ്വകാര്യ മേഖലകളില്‍ നിന്ന് നിരവധി വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. നിര്‍മിത ബുദ്ധി, യന്ത്രമനുഷ്യര്‍ എന്നിങ്ങനെ ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുമെന്ന് ശുറൂഖ് അധ്യക്ഷ ശൈഖ ബുദൂര്‍ അല്‍ ഖാസിമി പറഞ്ഞു. ഷാര്‍ജയുടെ സാമ്പത്തികവും മനുഷ്യശേഷിപരവുമായ വികസനത്തിന് വേണ്ടി തെളിച്ചമുള്ള കാഴ്ചപ്പാട് ലഭിക്കാനാണ് സംഗമമെന്നും ആമുഖ പ്രസംഗത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം. ഷാര്‍ജ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 30 സാമ്പത്തികവിദഗ്ധര്‍ പങ്കെടുക്കുന്നു. ലോകത്തിലെ പ്രമുഖ വ്യവസായ, നിക്ഷേപ കേന്ദ്രമായി ഷാര്‍ജ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം എമിറേറ്റില്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ ഡയറക്ടര്‍ മുഹമ്മദ് ജുമ അല്‍ മുഷറഖ് ചൂണ്ടിക്കാട്ടി. യു എ ഇ ധനകാര്യ വകുപ്പ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ എന്നിവരും ഷാര്‍ജയിലെത്തിച്ചേര്‍ന്നു. യു എ ഇയുടെ സുസ്ഥിര വളര്‍ച്ചയില്‍ ഷാര്‍ജ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.