എച്ച്1ബി വിസ നല്‍കുന്നതിനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു

Posted on: September 19, 2017 6:43 pm | Last updated: September 19, 2017 at 6:43 pm

വാഷിംഗ്ണ്‍: എച്ച്.1ബി വിസ നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന അമേരിക്ക വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിച്ചു. നിലവിലെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു അമേരിക്ക വേഗത്തില്‍ എച്ച്.1ബി വിസകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളുള്‍പ്പടെ നിരവധി പേര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നത് എച്ച്1ബി വിസകളാണ്. 2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ മൂന്നുമുതല്‍ സ്വീകരിച്ചു തുടങ്ങുമെന്നും അന്നുമുതല്‍ പ്രീമീയം പ്രോസസിങ് നിര്‍ത്തിവയ്ക്കുമെന്നും ഇമിഗ്രേഷന്‍ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. പ്രീമീയം പ്രോസസിങ് നിര്‍ത്തിവെച്ചതോടെ വിസ അപേക്ഷകളുടെ സാധാരണ പ്രോസസിങ് വേഗത്തിലാകുമെന്നും അവര്‍ അറിയിച്ചിരുന്നു.

എച്ച്1ബി വിസ നടപടികള്‍ക്കു സാധാരണഗതിയില്‍ മൂന്നുമുതല്‍ ആറു മാസംവരെ എടുത്തിരുന്നപ്പോള്‍ പ്രീമീയം പ്രോസസിങിനു 15 ദിവസം മാത്രമാണ് എടുത്തിരുന്നത്. വിലക്ക് വിദേശങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ക്കും എച്ച്1ബി വിസക്കാരെ ധാരാളമായി ആശ്രയിക്കുന്ന സിലിക്കണ്‍വാലി കമ്പനികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു.