Connect with us

Gulf

സുഡാനില്‍ കൃഷി ചെയ്യാന്‍ ഖത്വറിന്റെ 'മരുഭൂമിയിലെ അധ്വാനി'

Published

|

Last Updated

ദോഹ: സുഡാനിലെ കൃഷിയിറക്കാന്‍ ഖത്വരി കര്‍ഷകനായ മുഹമ്മദ് മതര്‍ അല്‍ദോസരി. സുഡാനില്‍ 2000 ഹെക്ടര്‍ ഭൂമിയില്‍ പച്ചപ്പുല്ല്, പഴം, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. പഴം പച്ചക്കറികളും കാലികള്‍ക്കാവശ്യമായ പുല്ലും കൃഷി ചെയ്യുന്നതിന്റെ ആദ്യഘട്ടം ബലിപെരുന്നാളിന് മുമ്പ് ആരംഭിച്ചതായി ഖത്വറിലെ അറിയപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അല്‍ദോസരി ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു.

ഖത്വറില്‍ നിലവില്‍ ഏറ്റവും ആവശ്യമുള്ള സാധനങ്ങള്‍ എന്ന നിലയിലാണ് ഇവ മൂന്നിന്റെയും കൃഷിക്ക് പ്രാധാന്യം നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. അല്‍ ശഹാനിയ അല്‍ ദോസരി പാര്‍ക്ക്, മൃഗശാല ഡയറക്ടറാണ് അല്‍ ദോസരി. “മരുഭൂമിയിലെ കഠിനാധ്വാനിയായ കര്‍ഷകന്‍” എന്ന നിലയില്‍ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഖത്വറില്‍ കാലിതീറ്റക്ക് നിലവില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ട്. അതിനാല്‍ പച്ചപ്പുല്ല് കൃഷിക്ക് തങ്ങള്‍ നല്ല പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. ഖതിറിന്റെയും സുഡാനിന്റെയും സര്‍ക്കാരിന്റെ സഹായത്തിലാണ് ദീര്‍ഘകാല പദ്ധതി നടപ്പിലാക്കുന്നത്. വിളവെടുപ്പിന് സമയമായാല്‍ ഖത്വര്‍ വിപണിയിലേക്ക് വലിയ തോതില്‍ വൈക്കോലും പഴം പച്ചക്കറികളും എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്വര്‍ നഗരസഭ, പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനങ്ങളാണ് നല്‍കുന്നത്. കൃഷിക്ക് അനുയോജ്യമായ രാജ്യത്തെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൃഷിയിറക്കാനുള്ള മന്ത്രലായത്തിന്റെ പദ്ധതി ആയിരത്തോളം കര്‍ഷകര്‍ക്കാണ് സഹായകമായത്. മന്ത്രാലയത്തിന്റെ പുതിയ പദ്ധതികള്‍ വളരെ പ്രധാന്യത്തോടെയാണ് തങ്ങളെ പോലെയുള്ള കര്‍ഷകര്‍ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്വറിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ സാധ്യമായ തോതില്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഖത്വരി കര്‍ഷകന്‍ സുഡാനിലേക്ക് നീങ്ങിയത്.
ചില ഗള്‍ഫ് രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രാജ്യം നേരിട്ട ഭക്ഷ്യസാധന ഇറക്കുമതി ദൗര്‍ലഭ്യം സ്വന്തമായ ഉത്പാദനത്തിലൂടെ പരിഹരിക്കുക എന്നതാണ് ദോസരി തന്റെ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നത്.

Latest