നരോദഗാം കൂട്ടക്കൊല: അമിത്ഷാ കോടതിയില്‍ ഹാജരായി; മായാ കൊദ്‌നാനിക്ക് അനുകൂലമായി മൊഴി

Posted on: September 18, 2017 1:26 pm | Last updated: September 18, 2017 at 2:27 pm

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ നരോദഗാമില്‍ 11 മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കോടതിയില്‍ ഹാജരായി. മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായാ കൊദ്‌നാനിക്ക് അനുകൂലമായി അമിത് ഷാ മൊഴി നല്‍കി. കൂട്ടക്കൊല നടന്ന ദിവസം കോദ്‌നാനി നിയമസഭയില്‍ ആയിരുന്നെന്നും നരോദഗാമില്‍ ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കോടതിയില്‍ പറഞ്ഞു.

കൊദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അമിത് ഷാ കോടതിയില്‍ ഹാജരായത്. കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായാ കൊദ്‌നാനി അനുമതി തേടിയിരുന്നു. ഇതിലൊരാളാണ് അമിത്ഷാ.
97പേര്‍ക്ക് ജീവഹാനിയുണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മായ കൊദ്‌നാനിയെ നേരത്തെ, 28 തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, അനാരോഗ്യം കണക്കിലെടുത്ത് ഹൈക്കോടതി ഇവര്‍ക്ക് സ്ഥിര ജാമ്യം നല്‍കി.