Kasargod
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരില്ല; കോടതികളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു

കാഞ്ഞങ്ങാട്: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരില്ലാത്തതുമൂലം ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു. ജില്ലയില്‍ ഏഴ് കോടതികളുണ്ട്. എന്നാല്‍ ഈ കോടതികളില്‍ വിചാരണക്കെടുക്കുന്ന കേസുകളില്‍ ഹാജരാകുന്നത് ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി)മാത്രം.
എല്ലായിടത്തും എത്തുന്നത് ഒരു എ പി പിയെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്. ഇതുമൂലം ഭൂരിഭാഗം കേസുകളിലും വിചാരണ അനിശ്ചിതത്വത്തിലാവുന്നു. ദിവസവും പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ നൂറുകണക്കിനാണെങ്കിലും കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായതിനാല്‍ പല കേസുകള്‍ക്കും തീര്‍പ്പുണ്ടാക്കാനാകുന്നില്ല. കോടതികളിലെത്തുന്ന കേസുകളില്‍ പകുതിയിലേറെയിലും വിചാരണ നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഷൈലജ മഠത്തില്‍വളപ്പാണ് ജില്ലയില്‍ ആകെയുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍. എല്ലാ കോടതികളിലും എപിപിയുടെ സേവനം ഉണ്ടെങ്കില്‍ മാത്രമേ കോടതി നടപടികള്‍ സുഗമമായി മുന്നോട്ടുപോവുകയുള്ളൂ. കഴിഞ്ഞ കുറച്ചുമാസങ്ങളായി കോടതികളില്‍ എ പി പി നിയമനം നടന്നിട്ടില്ല. ഇതുമൂലം അമിത ജോലിഭാരം മൂലം ഷൈലജ ഏറെ കഷ്ടപ്പെടുന്നു. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ കോടതികളില്‍ ഹാജരാകുന്ന തരത്തില്‍ ഷൈലജയുടെ സേവനം ക്രമീകരിച്ചിട്ടുണ്ട്.
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമുള്ള രണ്ടു വീതം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതികള്‍, ഭീമനടിയിലെ ഗ്രാമീണ ന്യായാലയ, പരവനടുക്കത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് കോടതി എന്നിവയിലാണ് ഒരാഴ്ച കൊണ്ട് എ പിപി ഹാജരാകേണ്ടത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരായി അതേ ദിവസംതന്നെ വീണ്ടും കാസര്‍കോട്ട് എത്തി കോടതിയില്‍ ഹാജരാകേണ്ട സാഹചര്യം ശൈലജയെ ഏറെ വിഷമത്തിലാക്കുന്നു.
സ്വകാര്യ അന്യായങ്ങള്‍ ഒഴികെ പോലീസെടുക്കുന്ന ഏതു കേസിന്റെയും വിചാരണയ്ക്ക് എപിപിയുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. കാസര്‍കോട് ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാകുന്നുണ്ട്. സബ് കോടതികളില്‍ ഗവ. പ്ലീഡര്‍മാരുമുണ്ട്. ഒരു ദിവസം ഒരു കോടതിയില്‍ ഹാജരായാല്‍ പിന്നെ അടുത്ത ആഴ്ചയേ എപിപിക്ക് അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ഇതുകാരണം ദിവസവും ഇരുപതിലേറെ കേസുകള്‍ വിചാരണ നടത്താന്‍ സാധിക്കാതെ മാറ്റിവെക്കുകയാണ് ചെയ്യുന്നത്.
ജില്ലയിലുണ്ടായിരുന്ന ഒരു എപിപി വിരമിക്കുകയും മറ്റൊരാള്‍ സ്ഥാനക്കയറ്റം ലഭിച്ച് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷനായി സ്ഥലം മാറിപ്പോകുകയും ചെയ്തതിനുശേഷം പകരം നിയമനമൊന്നും നടന്നിട്ടില്ല.
സംസ്ഥാനത്തൊട്ടാകെ കോടതികളില്‍ എപിപിമാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാസര്‍കോട് പോലുള്ള ജില്ലയില്‍ എത്രയും പെട്ടെന്നു കൂടുതല്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു വിചാരണകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നാണു പോലീസിന്റെയും അഭിഭാഷകരുടെയും ആവശ്യം.