Connect with us

Editorial

തടവുകാരുടെ മരണവും നഷ്ടപരിഹാരവും

Published

|

Last Updated

കസ്റ്റഡി മരണത്തിലെ ഇരകളുടെ ആശ്രിതര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കെ, പ്രതീക്ഷയേകുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവം. ജയിലുകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന തടവുകാരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. 2012ന് ശേഷം നടന്ന ജയിലിലെ മരണങ്ങളില്‍ ദേശീയ ക്രൈംസ് റിക്കാര്‍ഡ്‌സ് ബ്യൂറോ ദുരൂഹമെന്ന് രേഖപ്പെടുത്തിയ സംഭവങ്ങളില്‍ ഇരകളുടെ കുടുംബത്തെ കണ്ടെത്തുന്നതിനും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭ്യമാക്കുന്നതിനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ സ്വമേധയാ നടപടികള്‍ സ്വീകരിണം. തടവുകാര്‍ക്ക് മതിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടോ എന്നന്വേഷിച്ചു ആവശ്യമായിടങ്ങളില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ജയിലുകളുടെ ശോചനീയാവസ്ഥ വിവരിച്ച് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി 2013ല്‍ അയച്ച കത്ത് പരിഗണിച്ചു നടത്തിയ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിക്കുന്നു.

ജയിലുകളിലെ രോഗബാധിതരായ സാധാരണ തടവുകാര്‍ക്ക് മതിയായ ചികിത്സ ലഭ്യമാകന്നില്ല. അസാധാരണ സാഹചര്യങ്ങളില്‍ മരിക്കുന്ന തടവുകാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷനുകളുടെ ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നു. തടവുകാരുടെ മരണങ്ങളില്‍ പലതും അസാധാരണവും ദുരൂഹവുമാണ്. ജയിലുകളിലും പോലീസ് കസ്റ്റഡിയിലും പ്രതികളെ മൂന്നാംമുറക്ക് വിധേയമാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇന്നും ഇത്തരം ക്രൂരതകള്‍ നടക്കുന്നുണ്ട്. ഛത്തീസ്ഗഢ് ജയിലില്‍ ചെറിയ ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ഷോക്കടിപ്പിക്കുന്ന വിവരം റായിപൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തായതാണ്.
ദേവരാജ്, അയ്യപ്പന്‍, നവീന്‍ എന്നീ തടവുകാരെ അതിക്രൂരമായി അടിക്കുകയും നഗ്‌നരാക്കുകയും തടവറയില്‍ വെള്ളം നിറച്ചു അതില്‍ കിടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലൈംഗിക പീഡനവും ജയിലുകളില്‍ വ്യാപകമാണ്. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡന്‍മാര്‍ വനിതാ തടവുകാരെ പുരുഷ തടവുകാരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി തടവുകാരി കര്‍ണാടക ഹൈക്കോടതിക്ക് കത്തെഴുതുകയുണ്ടായി. പുരുഷ തടവുകാരില്‍ നിന്ന് വാര്‍ഡന്മാര്‍ പണം കൈപറ്റിയാണത്രെ വനിതാ തടവുകാരെ ഇങ്ങനെ നിര്‍ബന്ധിക്കുന്നത്

പല ജയില്‍ മരണങ്ങളുടെയും പിന്നാമ്പുറം ഇത്തരം പീഡനങ്ങളും ചികിത്സ ലഭ്യമല്ലാത്തതുമാണെങ്കിലും ജയില്‍ അധികൃതരും സര്‍ക്കാറും സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതില്‍ ഒഴിഞ്ഞു മാറുന്നു. ഉത്തര്‍പ്രദേശില്‍ 2010 മുതല്‍ 2015 വരെയുള്ള ആറു വര്‍ഷത്തിനിടെ 2062 തടവുകാര്‍ മരിച്ചതായി കണക്കുകള്‍ കാണിക്കുന്നു. 44 പേര്‍ ഈ കാലവയളവില്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. പോലീസ് കസ്റ്റഡിയില്‍ 24 പേരും മരിച്ചു. ഇവരില്‍ പലരും കൊല്ലപ്പെട്ടതാണെന്ന ആരോപണം ശക്തമാണ്. മരിച്ചവരില്‍ 50 ശതമാനവും കേസുകളില്‍ വിചാരണ നേരിടുന്നവരാണെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തുന്നു. കേരളത്തിലെ ജയിലുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മരിച്ച 200 പേരില്‍ 79 തടവുകാരുടേത് അസ്വാഭാവിക മരണങ്ങളാണ്. ഇവരില്‍ നഷ്ടപരിഹാരം ലഭിച്ചത് 17 പേര്‍ക്ക് മാത്രവും.

കേരളത്തില്‍ നാല് ജയിലുകളിലാണ് ആശുപത്രി സൗകര്യമുള്ളത്. ഇവിടങ്ങളിലാകട്ടെ രോഗനിര്‍ണയത്തിനോ ചികിത്സിക്കാനോ സൗകര്യങ്ങളുമില്ല. വിദഗ്ധ ചികിത്സക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ മിക്കപ്പോഴും വിസമ്മതിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാത്തതുമാണ് പുറത്തു കൊണ്ടു പോകുന്നതിന് തടസ്സമെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. കുറ്റവാളികളാണ് എന്ന കാരണത്താല്‍ തടവുകാരോട് ക്രൂരത കാണിക്കുന്നതും മരണപ്പെട്ടവരുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതും ശരിയല്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ശുഭോദര്‍ക്കമാണ്. തടവുകാര്‍ക്ക് വൈദ്യസഹായം, കുടുംബങ്ങളുമായി ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം, വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആശയ വിനിമയം തുടങ്ങി സമഗ്ര ജയില്‍ പരിഷ്‌കരണങ്ങളും കോടതി നിര്‍ദേശിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest