ചെന്നൈ ഏകദിനം: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 26 റണ്‍സ് ജയം

  • ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
  • ധോണി- ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം 118 റണ്‍സെടുത്തു.
  • പാണ്ഡ്യ 83 റണ്‍സും ധോണി 79 റണ്‍സും നേടി.
Posted on: September 17, 2017 10:41 pm | Last updated: September 18, 2017 at 9:51 am

ചെന്നൈ: എംഎസ് ധോണി രക്ഷകനായി അവതരിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മല്‍സരത്തില്‍ 164 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ബുംറയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 281 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും കരകയറി ആറാം വിക്കറ്റില്‍ ധോണി- ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേര്‍ത്ത 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. പാണ്ഡ്യ 83 റണ്‍സും ധോണി 79 റണ്‍സുമെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് മഴ പെയ്തതോടെ മഴനിയമ പ്രകാരം ഓസ്‌ട്രേലിയക്ക് 37 ഓവറില്‍ 238 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. പക്ഷെ, ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിനു മുമ്പ് മല്‍സരം വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് വിജയലക്ഷ്യം 21 ഓവറില്‍ 164 ആയി വീണ്ടും പുനര്‍നിശ്ചയിച്ചു.

ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റ് (ഒന്ന്), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (ഒന്ന്) ട്രവീസ് ഹെഡ് (അഞ്ച്), ഡേവിഡ് വാര്‍ണര്‍ (25), ഗ്ലെന്‍ മാക്‌സ്‌വെല്‍ (39), മാര്‍ക്കസ് സ്‌റ്റോണിസ് (മൂന്ന്), മാത്യു വെയ്ഡ് (9), പാറ്റ് കുമ്മിന്‍സ് (9) എന്നിങ്ങനെയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.