ലാഘവത്തോടെ കാണരുത് ആതുര ശുശ്രൂഷ

Posted on: September 17, 2017 6:18 am | Last updated: September 16, 2017 at 11:26 pm

തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിക്ക് എച്ച് ഐ വി അണുബാധ കണ്ടെത്തിയത് വിവാദത്തിനിടയായിരിക്കയാണ്. ചികിത്സാപിഴവാണ് രോഗബാധക്ക് കാരണമെന്നാണ് ആലപ്പുഴക്കാരിയായ കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. രക്താര്‍ബുദ ചികിത്സക്ക് മാര്‍ച്ചില്‍ ആര്‍ സി സിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലികക്ക് രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനാല്‍ ഇടക്ക് രക്തം നല്‍കിയിരുന്നു. ഇതിലൂടെയാണ് എച്ച് ഐ വി അണുക്കള്‍ ബാധിച്ചതെന്നാണ് രക്ഷിതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നത്. ആര്‍ സി സിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പലതവണ നടത്തിയ രക്തപരിശോധനയിലൊന്നും അണുബാധ കണ്ടിരുന്നില്ല. മാതാപിതാക്കളുടെ രക്തം പരിശോധിച്ചതില്‍ അവര്‍ക്കും എച്ച് ഐ വി ബാധയില്ലെന്ന് വ്യക്തമായി. ഇതുസംബന്ധിച്ചു പോലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കയാണ് രക്ഷിതാക്കള്‍. ഇതേക്കുറിച്ചു അന്വേഷിക്കാന്‍ ജോയിന്റ് ഡി എം ഒ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ആര്‍ സി സിയില്‍ രക്തദാതാക്കളുടെയും രോഗികളുടെയും രക്തസാമ്പിളുകള്‍ കൃത്യമായും സൂക്ഷ്മമായും പരിശോധിക്കാറുണ്ടെന്നും തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം.

2013-ല്‍ വയനാട്ടിലും 2005ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും രക്തം മാറി നല്‍കിയത് മൂലം എച്ച് ഐ വി ബാധിച്ച സംഭവമുണ്ടായിരുന്നു. രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ എച്ച് ഐ വി ബാധിതരായതായി ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന (നാക്കോ)കഴിഞ്ഞ നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നാക്കോ ഈ വിവരം നല്‍കിയത്. രക്ത മാറ്റത്തിലൂടെയുള്ള രോഗബാധ ഒഴിവാക്കാനായി ദാതാക്കളുടെ രക്തം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളില്‍ നിര്‍ബന്ധമാണെങ്കിലും മിക്കയിടങ്ങളിലും കൃത്യമായ പരിശോധന നടക്കാറില്ലെന്നും നാക്കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 മെയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതേവര്‍ഷം നവംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും രോഗികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. രക്തം സ്വീകരിച്ചതിലൂടെ ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ 13 സ്ത്രീകള്‍ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയയിലെ അലംഭാവമാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. ഛത്തീസ്ഗഢില്‍തന്നെ 2012ല്‍ സൗജന്യ തിമിര ശസ്ത്രക്രിയയിലെ പിഴവ് മൂലം 62 പേര്‍ക്കാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. മുന്‍കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിക്ക് ഡല്‍ഹി സൈനിക ആശുപത്രിയിലെ ചികിത്സയില്‍ സംഭവിച്ച പിഴവ് പരിഹരിക്കാന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു.

ചികിത്സാ പിഴവ് മൂലം രോഗം മൂര്‍ഛിക്കുകയോ രോഗി മരണപ്പെടുകയോ ചെയ്യുന്നത് പ്രഗത്ഭരായ ഡോക്ടര്‍മാര്‍ക്കല്ലാതെ കണ്ടെത്താനാവുകയില്ലെന്നതിനാല്‍ അധികവും ബന്ധുക്കളും പുറംലോകവും അറിയാതെ പോവുകയാണ്. എന്നിട്ടും ഇതു സംബന്ധിച്ച പരാതികള്‍ വര്‍ഷം പ്രതി കൂടിവരുന്നു. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട കേസുകളില്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കാന്‍ നിയമമുണ്ടെങ്കിലും അടുത്ത കാലത്തൊന്നും ഇതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ പോലും റദ്ദാക്കുകയോ, ഒരാളെ പോലും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയോ ഉണ്ടായിട്ടില്ല. വിദേശ രാഷ്ട്രങ്ങളില്‍ ഇത്തരം കേസുകളില്‍ ഡോക്ടറോ സ്ഥാപനമോ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കാറുണ്ട്. അതും ഇന്ത്യയില്‍ അത്യപൂര്‍വമാണ്. ഒരു ഡോക്ടര്‍ക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി പരാതിയുണ്ടെങ്കില്‍ മറ്റൊരു വിദഗ്ധ ഡോക്ടര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. സഹപ്രവര്‍ത്തകനായ ഡോക്ടറുടെ വീഴ്ചയെപ്പറ്റി സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്താന്‍ പല ഡോക്ടര്‍മാരും സന്നദ്ധമാവുകയുമില്ല. ഇത് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കപ്പെടാനിടയാക്കുന്നു.

രോഗചികിത്സയില്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും അതീവ ശ്രദ്ധയും ശുഷ്‌കാന്തിയും കാണിക്കേണ്ടതുണ്ട്. ഒരു ജീവനാണ് തന്റെ മുമ്പിലുള്ളതെന്ന ബോധത്തോടെയായിരിക്കണം രക്തം നല്‍കുന്നതും ശസ്ത്രക്രിയയുള്‍പ്പെടെയുള്ള ചികിത്സകളെല്ലാം നടത്തേണ്ടത്. ഇക്കാര്യത്തില്‍ അനാസ്ഥയും ശ്രദ്ധക്കുറവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വേണ്ടത്ര തയാറെടുപ്പുകളോടെയും ശ്രദ്ധയോടെയും നടത്തേണ്ട ചികിത്സാ വിധികള്‍ ലാഘവത്തോടെയും അലംഭാവത്തോടെയും ചെയ്യുന്നവരെ ആതുര ശുശ്രൂഷ മേഖലയില്‍ തുടരാന്‍ അനുവദിച്ചു കൂടാ. ആര്‍ സി സി സംഭവത്തെക്കുറിച്ചു സത്യസന്ധമായ അന്വേഷണത്തിലൂടെ വസ്തുത കണ്ടെത്തുകയും ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.