ഏക ‘ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍’ അര്‍ജന്‍ സിങ് (98) അന്തരിച്ചു

Posted on: September 16, 2017 9:25 pm | Last updated: September 17, 2017 at 11:05 am

ന്യൂഡല്‍ഹി : വ്യോമസേനയിലെ ഏക ‘ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍’ അര്‍ജന്‍ സിങ് (98) അന്തരിച്ചു. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും മാര്‍ഷലിനെ സന്ദര്‍ശിച്ചിരുന്നു.

വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിങ്ങിനു ‘മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ്’ പദവി നല്‍കിയത്. അതോടെ എയര്‍ഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫിസറായി അദ്ദേഹം. ഈ പദവി നേടുന്ന ഒരേയൊരു വ്യക്തിയും ഇദ്ദേഹമാണ്.

1919ല്‍ ജനിച്ച അര്‍ജന്‍ സിങ് 1939ല്‍ പത്തൊന്‍പതാം വയസ്സില്‍ ആര്‍എഎഫില്‍ പൈലറ്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യപാകിസ്ഥാന്‍ യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിര്‍ണായക നീക്കങ്ങള്‍ക്കു പിന്നിലും ഇദ്ദേഹമുണ്ടായിരുന്നു. 1969 ഓഗസ്റ്റില്‍ വിരമിച്ചു.