Connect with us

Gulf

ഖത്വറില്‍ നിന്ന് 15 വര്‍ഷത്തേക്ക് പ്രകൃതി വാതകം ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ്

Published

|

Last Updated

ദോഹ: ഖത്വറില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ റാസ്ഗ്യാസുമായി കരാറിലേര്‍പ്പെടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷത്തേക്ക് പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. ബംഗ്ലേദശ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രോബംഗ്ലയുടെ യൂനിറ്റായ റുപന്റാറിറ്റ പ്രാക്രിടിക് ഗ്യാസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഖമറുസ്സമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റാസ്ഗ്യാസുമായി ഈ മാസം 25ന് ഖത്വറില്‍ വെച്ച് കരാര്‍ ഒപ്പുവെക്കും. ഒപ്പുവെക്കുന്ന കരാര്‍ പ്രകാരം റാസ് ഗ്യാസ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.8 മില്യണ്‍ ടണ്‍ വീതവും തുടര്‍ന്നുളള പത്ത് വര്‍ഷം പ്രതിവര്‍ഷം 2.5 മില്യന്‍ ടണ്‍ വീതവും ദ്രവീകൃത പ്രകൃതിവാതം വിതരണം ചെയ്യും. ബംഗ്ലാദേശിന്റെ ആദ്യത്തെ ദ്രവീകൃ പ്രകൃതിവാതക ഇറക്കുമതി കരാറായിരിക്കുമിത്. രാജ്യത്തിന്റെ ആഭ്യന്തര പ്രകൃതിവാതക ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഖത്വറില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ സാധിക്കും.

ഇന്ധനരംഗത്തെ പുതിയ വിപണിയായി ദക്ഷിണേഷ്യ അതിവേഗം മാറുന്നുവെന്നതാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യവുമായുള്ള കരാറിലൂടെ വ്യക്തമാകുന്നത്. ഇന്ധന ഇറക്കുമതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് ബംഗ്ലാദേശ് തീരുമാനിച്ചിരിക്കുന്നത്. 2025 ആകുമ്പോഴേക്കും പ്രതിവര്‍ഷം 17.5 മില്യണ്‍ ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുമെന്ന് ബംഗ്ലാദേശ് ഊര്‍ജ, വൈദ്യുതി മന്ത്രി നസ്‌റുല്‍ ഹാമിദ് റോയിട്ടേഴ്‌സിനോടു പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിന്റെ വാതക കരുതല്‍ നിക്ഷേപം കുറഞ്ഞുവരികയാണ്. അതുകൊണ്ടുതന്നെ ഇറക്കുമതിക്കാണ് മുന്‍ഗണന നല്‍കുന്നത്. വൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട് ആഭ്യന്തര വിതരണത്തിലെ വിടവ് നികത്തുന്നതിനാണ് ബംഗ്ലാദേശ് ഖത്വറില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്.