രാജസ്ഥാനില്‍ ആറു വയസ്സുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കി

Posted on: September 15, 2017 6:56 pm | Last updated: September 16, 2017 at 8:55 am

ബാര്‍മെര്‍: രാജസ്ഥാനിലെ ബാര്‍മെറില്‍ ആറു വയസ്സുകാരിയെ സ്‌കൂളില്‍വച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. സംമ്പവത്തെ തുടര്‍ന്ന് ജാലിപ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഉള്‍പ്പെടെ ചോദ്യം ചെയ്തവരുന്നു. ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ സ്‌കൂളില്‍ പ്യൂണ്‍ പീഡിപ്പിച്ച സംഭവത്തിനും ഗുര്‍ഗ്രാമില്‍ ഏഴുവയസ്സുകാരന്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് വീണ്ടും രാജസ്ഥാനില്‍ അതിക്രമം ഉണ്ടായിരിക്കുന്നത്.

സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പീഡനം എന്നാണു നടന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ആറു വയസ്സുകാരിയുമൊത്ത് പിതാവ് ആശുപത്രിയിലെത്തിയത്.

എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കനത്ത മുറിവേറ്റതായി കണ്ടെത്തി. അസ്വാഭാവികമായ സംഭവമായതിനാല്‍ ഉടനെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയതും. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതല്‍ നടപടി.