നടിയെ ആക്രമിച്ച സംഭവം: നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പിസി ജോര്‍ജ്

  • എന്തുകൊണ്ട് ഇത്രയും നാളായി അതു നല്‍കുന്നില്ല എന്നു കോടതി പറയണം.
  • അന്വേഷണസംഘം നടന്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്.
Posted on: September 15, 2017 9:15 am | Last updated: September 15, 2017 at 2:15 pm

കോട്ടയം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവ നടിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതു ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു വെന്നും പിസി ജോര്‍ജ് പറഞ്ഞു.

അറസ്റ്റിലായ നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നല്‍കുന്നില്ല എന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണസംഘം നടന്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിര്‍ഷാ നേരിട്ടു വന്നു പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.