Connect with us

Editorial

പെട്രോള്‍ വില നിയന്ത്രിക്കണം

Published

|

Last Updated

sirajഇന്ത്യയില്‍ പെട്രോളിനും ഡീസലിനും മറ്റെങ്ങുമില്ലാത്ത വിധം വില കുതിച്ചുയരുന്നതില്‍ വ്യാപക പ്രതിഷേധം ഉയരവെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്ത് വന്നിരിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും ഇര്‍മ ചുഴലിക്കാറ്റുമാണ് വില വര്‍ധനവിന് ഇടയാക്കിയതെന്നും പെട്രോള്‍ ഉത്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവന്നു വില നിയന്ത്രിക്കുന്ന കാര്യംആലോചനയിലുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. എണ്ണവിലയുടെ കാര്യത്തില്‍ മുമ്പ് പലപ്പോഴും ഉപഭോക്താക്കളെ വഞ്ചിച്ച മോദി സര്‍ക്കാറിന്റെ മറ്റൊരു തട്ടിപ്പാണ് ഈ വിശദീകരണം. രണ്ട് മാസം മുമ്പ് ഖത്വര്‍ പ്രതിസന്ധിയെ തുടര്‍ന്നും മറ്റും അന്താരാഷട്ര എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലൊന്നും വിലയില്‍ മാറ്റമുണ്ടായിട്ടില്ല. മാത്രമല്ല, ചെറിയ തൊതില്‍ കുറവ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനനുസൃതമായി പെട്രോള്‍ ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, അടിക്കടി വര്‍ധിക്കുകയാണ്. ജൂണ്‍ 16ന് വില ദിനംപ്രതി പുതുക്കുന്ന സമ്പ്രദായം വന്നതിന് ശേഷം പെട്രോള്‍ വിലയില്‍ ഏഴ് രൂപയിലേറെ വില വര്‍ധിച്ചു. ജൂണ്‍ 16ന് 67 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയെങ്കില്‍ ഇപ്പോഴത് 74 രൂപയോളമെത്തി. 2014 ലാണ് പെട്രോള്‍ വില റെക്കോഡിലെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 114.44 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 78.41 ആയിരുന്നു അന്നത്തെ കൂടിയ നിരക്ക്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വെറും 53 ഡോളര്‍ മാത്രമാണുള്ളത്. എന്നിട്ടും ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ദിനംപ്രതി വില ഉയര്‍ത്തിക്കൊ ണ്ടിരിക്കുന്നു!

സര്‍ക്കാറും എണ്ണക്കമ്പനികളും നടത്തുന്ന തീവെട്ടിക്കൊള്ളയുടെ അനന്തര ഫലമാണ് എണ്ണവില വര്‍ധന. അസംസ്‌കൃത എണ്ണയുടെ സംസ്‌കരണ ചെലവും പ്രവേശന നികുതിയും വിപണന ലാഭവുമെല്ലാം കൂട്ടിയാല്‍ നിലവിലുള്ള വിലയുടെ 40 ശതമാനത്തോളമേ വരികയുള്ളൂ. അവശേഷിക്കുന്ന 60 ശതമാനവും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതിയാണ്. ഒരു മാസം മുമ്പുള്ള കണക്കനുസരിച്ചു അസംസ്‌കൃത പെട്രോളിന്റെ അടിസ്ഥാനവില 20.19 രൂപയാണ്. പ്രവേശന നികുതി, ശുദ്ധീകരണം, പ്രവര്‍ത്തനച്ചെലവുകള്‍ 6.03 രൂപയും ഗതാഗത ചെലവുകള്‍ വിപ്പന കമ്പനികളുടെ ലാഭം എന്നിവ 3.31 രൂപയും കൂട്ടിയാല്‍ ശുദ്ധീകരിച്ച പെട്രോളിന്റെ അടിസ്ഥാനവില 29.53 രൂപയേ വരൂ. എന്നാല്‍, പമ്പുകളിലെ വില്‍പ്പന 68.88 രൂപക്കായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ എക്‌സൈസ് നികുതി 21.48 രൂപ, സംസ്ഥാന സര്‍ക്കാര്‍ നികുതി, മലിനീകരണവിരുദ്ധ സെസ്, സര്‍ചാര്‍ജ് 14.64 രൂപ എന്നിവയെല്ലാം ചേര്‍ന്നപ്പോഴാണ് വില ഇത്രയും ഉയര്‍ന്നത്. നികുതിയുടെ പേരില്‍ ഉപഭോക്താക്കളെ പിഴിയുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒഴിവാക്കിയാല്‍ വില ഗണ്യമയി കുറയും. പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, മാലി തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നികുതികള്‍ ഇന്ത്യയെ അപേക്ഷിച്ചു കുറവായതിനാല്‍ പെട്രോള്‍ ഉത്പന്നങ്ങളുടെ വലിയ ഗണ്യമായ കുറവുണ്ട്.

2000 വരെ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമായിരുന്നു. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഏറിയാല്‍ തന്നെയും രാജ്യത്തെ ഉപഭോക്താക്കളെ സാരമായി ബാധിച്ചിരുന്നില്ല. കൂടുന്ന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വഹിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ഷിക ബജറ്റ് അവതരണ വേളയില്‍ മാത്രമാണ് എണ്ണവില വര്‍ധിക്കാറുണ്ടായിരുന്നത്. 2001ല്‍ വാജ്‌പേയി സര്‍ക്കാറാണ് ഈ രീതി അവസാനിപ്പിച്ചു വിപണിവിലക്കനുസൃതമായി എണ്ണവില നിശ്ചയിക്കാന്‍ തുടങ്ങിയത്. ഇതനുസരിച്ചു അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുറയുമ്പോള്‍ പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയുമായിരുന്നു. മോദി സര്‍ക്കാര്‍ വന്നതോടെ ക്രൂഡ്ഓയിലിന്റെ വിലക്കുറവിനനുസരിച്ചു ഉത്പന്നങ്ങളില്‍ വരുന്ന വിലക്കുറവ് ഉപഭോക്താവിന് നിഷേധിക്കുന്ന തരത്തില്‍ അടിക്കടി നികുതി വര്‍ധിപ്പിക്കുകയായിരുന്നു. ബാരലിന് 114 ഡോളര്‍ വരെയെത്തിയിരുന്ന ക്രൂഡ് ഓയിലിന്റെ വില 2016 മാര്‍ച്ചില്‍ 35 ഡോളറായി കുത്തനെ ഇടിഞ്ഞെങ്കിലും അന്നും ഉപഭോക്താവ് അസംസ്‌കൃത എണ്ണക്ക് വിലക്കൂടുതലുണ്ടായിരുന്ന കാലത്തെ നിരക്ക് തന്നെനല്‍കേണ്ടിവന്നു. ഇതെന്തൊരു കാട്ടുനീതി എന്നു ചോദിച്ചവരോട് അസംസ്‌കൃതയെണ്ണക്ക് ഇനിയും വില കൂടുമ്പോള്‍ നികുതി കുറച്ചു പെട്രോളിന്റെ വില പിടിച്ചു നിര്‍ത്താനാണ് ഇപ്പോള്‍ നികുതി കൂട്ടിയതെന്നായിരുന്നു സര്‍ക്കാറിന്റെ ന്യായവാദം. ക്രൂഡ് ഓയിലിന്റെ വില കൂടിയപ്പോള്‍ ആ വാഗ്ദാനം ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് നികുതിയിനത്തില്‍ 2015-16 വര്‍ഷത്തില്‍ സര്‍ക്കാറിന് ലഭിച്ചത് 1.99ലക്ഷം കോടി രൂപയാണെന്ന് സി എ ജി അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 വര്‍ഷത്തേക്കാള്‍ 34 ശതമാനം കൂടുതല്‍.

2015-16 വര്‍ഷത്തെ മൊത്തം പരോക്ഷ നികുതി വരുമാനത്തില്‍ 40 ശതമാനത്തോളം പെട്രോളിന്റെയും ഡീസലിന്റെയും നികുതി വരുമാനത്തില്‍ നിന്നാണ് ലഭിച്ചത്. പെട്രോള്‍ ഉത്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവ് വരുമെന്നത് കൊണ്ട് അതിന് സാധ്യത വിരളമാണ്. ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാലും എണ്ണ വില ഇന്നത്തെ തോതില്‍ തന്നെയായിരിക്കും തുടരുകയെന്ന് ധനകാര്യമന്ത്രി കഴിഞ്ഞ വാരത്തില്‍ വ്യക്തമാക്കിയതുമാണ്. മൊബൈല്‍ നിരക്കുകളും ഇന്‍ഷ്വറന്‍സ് തുകയും നിശ്ചയിക്കുന്ന പോലുള്ള റെഗുലേറ്ററി ബോര്‍ഡ് തുടങ്ങുകയാണ് എണ്ണ വിലനിയന്ത്രണത്തിനുള്ള മാര്‍ഗമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest