പൂനെയില്‍ മലയാളി ഹോട്ടലുടമ മര്‍ദനമേറ്റുമരിച്ചു

Posted on: September 14, 2017 9:36 am | Last updated: September 14, 2017 at 11:52 am

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ശിവാപുരില്‍ മലയാളി ഹോട്ടലുടമ മര്‍ദനമേറ്റുമരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് ആണ് മരിച്ചത്. 46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ ഹോട്ടല്‍ നടത്തിവരികയാണ് അസീസ്.

ബുധനാഴ്ച രാവിലെ ഹോട്ടല്‍ സ്ഥലമുടമയും പെട്രോള്‍ പമ്പുടമയുമായ സജ്ഞയ് കോണ്ടെയും അസീസും തമ്മില്‍ വാക്കുതകര്‍ക്കമുണ്ടായി. 99 വര്‍ഷത്തെ പാട്ടത്തിന് സ്ഥലമെടുത്തു ഹോട്ടല്‍ നടത്തിവരികയായിരുന്ന അസീസിനോട് ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സജ്ഞയ് കോണ്ട നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതെ ചൊല്ലിയായിരുന്നു വാക്കുതകര്‍ക്കം. ഇതിനിടെ അസീസിനെ സജ്ഞയ് വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി അസീസിന്റെ മകന്‍ റയീസ് പറഞ്ഞു. അസീസിനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഞ്ജയ് കോണ്ടെക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് സ്ഥലത്തെ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. നജ്മയാണ് ഭാര്യ. റമീസ്, നജീറ, റഹീന എന്നിവര്‍ മറ്റുമക്കളാണ്.