അംഗബലം കൂട്ടാന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനവുമായി സി പി എം

Posted on: September 14, 2017 1:02 am | Last updated: September 14, 2017 at 12:03 am

കണ്ണൂര്‍: സി പി എം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ ഇതര രാഷ്ട്രീയ നിലപാടുകളുള്ളവരുമായും ആശയവിനിമയം നടത്താനും പാര്‍ട്ടി തീരുമാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നല്ല വ്യക്തികളുമായി അംഗങ്ങള്‍ ആശയ വിനിമയം നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ പ്രാദേശിക തിരഞ്ഞടുപ്പുകളിലെല്ലാം സി പി എമ്മിന് അനുകൂലമായ പ്രതികരണമാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ തട്ടകങ്ങളില്‍ നിന്ന് പോലും ലഭിച്ചുവെന്നതാണ് പുതിയ ക്യാമ്പയിനിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സംരക്ഷിക്കുന്ന പ്രസ്ഥാനത്തിനേ പാര്‍ലിമെന്ററി ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ നേരിടാനാവൂയെന്നും ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ്, ബി ജെ പി, ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെച്ച് സി പി എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് പരിധിയിലെ പാര്‍ട്ടി ബന്ധുക്കളെയും അനുഭാവികളെയും പങ്കെടുപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. പൂര്‍ണമായും ജനാധിപത്യരീതിയിലായിരിക്കും ഭാരവാഹികളുടെ തിരഞ്ഞെടുപ്പെന്ന് പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യം പ്രസംഗിക്കുന്ന കോണ്‍ഗ്രസിലും അംഗത്വം ഉള്‍പ്പടെയുള്ള ജനാധിപത്യ മാനദണ്ഡങ്ങള്‍ അംഗീകരിക്കാത്ത ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പിയില്‍ നിന്നും വ്യത്യസ്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 15 മുതല്‍ ജില്ലയില്‍ 207 ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തും. കണ്ണൂരില്‍ ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി കുടുംബസംഗമങ്ങള്‍ ചേരും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാരുടെ വിഷയങ്ങളാണ് കുടുംബസംഗമം ചര്‍ച്ച ചെയ്യുക.
അതേസമയം, സി പി എമ്മിന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലയായ കണ്ണൂരില്‍ ഇത്തവണ പാര്‍ട്ടിയുടെ അംഗബലം കുറേക്കൂടി ശക്തിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 7028 പേര്‍ക്കു കൂടി അംഗത്വം നല്‍കിയതോടെ ജില്ലയിലെ സി പി എം അംഗങ്ങളുടെ എണ്ണം 55641 ആയി വര്‍ധിച്ചു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ കണ്ണൂരില്‍ 4613 അംഗങ്ങളാണുണ്ടായിരുന്നത്. മറ്റു ജില്ലകളിലേതിനേക്കാള്‍ വലിയ വര്‍ധനവാണ് അംഗങ്ങളുടെ കാര്യത്തില്‍ കണ്ണൂരിലുള്ളത്. പുതിയ ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.