Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ വേദിയില്‍ 724 ബസുകള്‍, 2900 ടാക്സികള്‍

Published

|

Last Updated

ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായറും ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല
ഖലീഫ അല്‍ മറിയും വേള്‍ഡ് എക്‌സ്‌പോ 2020 വേദിയുടെ രൂപരേഖ പരിശോധിക്കുന്നുi

ദുബൈ: ദുബൈയില്‍ വമ്പന്‍ പ്രദര്‍ശനങ്ങള്‍ വരുമ്പോള്‍ സുഗമമായ ഗതാഗതം ഒരുക്കാന്‍ ആര്‍ ടി എ യും പോലീസും സംയുക്ത പദ്ധതികള്‍ തയാറാക്കും. ഇതുസംബന്ധിച്ച് ആര്‍ ടി എ മേധാവി മതര്‍ അല്‍ തായറും ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയും ചര്‍ച്ച നടത്തി. ദുബൈ വന്‍ പ്രദര്‍ശനങ്ങള്‍ക്കു സജ്ജമാണെന്നും സുഗമമായ ഗതാഗതം ഉറപ്പുവരുത്താന്‍ ആര്‍ ടി എ യും പോലീസും പ്രതിജ്ഞാബദ്ധമാണെന്നും മതര്‍ അല്‍ തായര്‍ പറഞ്ഞു. രണ്ട് വകുപ്പുകളും മികച്ച ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കുറേക്കൂടി കൈകോര്‍ക്കല്‍ ആവശ്യമാണെന്ന് മേജര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 വേദിയുടെയും പരിസരത്തിന്റെയും സമഗ്രമായ രൂപരേഖ ഇരുവരും പരിശോധിച്ചു. എല്ലാ ഗതാഗതങ്ങളും നിരീക്ഷിക്കാനും നിര്‍ദശം നല്‍കാനും ഉതകുന്ന കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചതും പരിശോധനാ വിധേയമായി.

വേള്‍ഡ് എക്‌സ്‌പോയില്‍ കൂടുതല്‍ സൗകര്യം ഏര്‍പെടുത്തും. ഗതാഗത സംവിധാനത്തെ രണ്ടായി തരംതിരിക്കും. മക്തൂം രാജ്യാന്തര വിമാനത്താവളത്തെ ചുറ്റിപ്പറ്റിയാകും ഒന്ന്. ഇവിടത്തെ നിര്‍മാണങ്ങള്‍ അടുത്തവര്‍ഷം രണ്ടാം മാസത്തോടെ പൂര്‍ത്തിയാക്കും. വേള്‍ഡ് എക്‌സ്‌പോ വേദിയില്‍ 724 ബസുകളും 2900 ടാക്സികളും സജ്ജമാക്കും. 14 ബസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 മെട്രോ ദീര്‍ഘിപ്പിക്കല്‍ നിര്‍മാണം 15 ശതമാനം പൂര്‍ത്തിയായതായും വിലയിരുത്തി. ഇതിന് പുറമെ, ഗതാഗത സുരക്ഷക്കായി പഞ്ചവത്സര പദ്ധതി തയാറാക്കിയതും അംഗീകരിച്ചു. എക്സ്പോ 2020-നായി ഒരുങ്ങുന്ന ജബല്‍ അലിയിലെ നിര്‍ദിഷ്ടപ്രദേശം എക്സ്പോക്ക് ശേഷം 2021-ല്‍ താമസ വാണിജ്യപദ്ധതികള്‍ അടങ്ങുന്ന ബൃഹദ്പദ്ധതിയായി മാറും. ധാരാളം റോഡുകളും സിഗ്നലുകളും ഇവിടെ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. വേള്‍ഡ് എക്‌സ്‌പോ വേദിയിലേക്ക് 15 കിലോമീറ്റര്‍ മെട്രോപാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനും അനുബന്ധ വികസനങ്ങള്‍ക്കും 110 കോടി ഡോളര്‍ വിവിധ ബേങ്കുകളില്‍ നിന്ന് ദുബൈ വായ്പയായി സമാഹരിച്ചിട്ടുണ്ട്.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest