വൃദ്ധ ദമ്പതികളുടെ കൊല: മരുമകളുടെ സുഹൃത്ത് പിടിയില്‍

Posted on: September 13, 2017 4:27 pm | Last updated: September 13, 2017 at 10:07 pm

പാലക്കാട്: കോട്ടായി തോലന്നൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് പിടിയില്‍. മരുമകള്‍ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരി കഴുത്തുഞെരിച്ച് കൊലപ്പെട്ട നിലയിലായിരുന്നു.

Read more: വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

സംഭവം നടക്കുമ്പോള്‍ ദമ്പതികളെ കൂടാതെ മരുമകള്‍ വീട്ടിലുണ്ടായിരുന്നു. രാവിലെ പാലുമായെത്തിയ അയല്‍വാസിയാണ് കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ ഷീജയെ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അവശ നിലയിലായ ഷീജയെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സ്വാമിനാഥന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.